ന്യൂഡല്‍ഹി: ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് ആരോപണത്തിൽ ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ അതിഷിയ്ക്ക് സമൻസ് അയച്ച് കോടതി. ബി.ജെ.പി വക്താവ് പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ടക്കേസിൽ ഡൽഹി കോടതിയാണ് സമൻസ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ജൂൺ 29-ന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
സമൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, സമ്പൂർണ സ്വേച്ഛാധിപത്യത്തിനാണ് അവർ ലക്ഷ്യംവെക്കുന്നതെന്ന് ബി.ജെ.പിയെ ഉന്നംവെച്ച് കെജ്‌രിവാള്‍ ആരോപിച്ചു. അടുത്തതായി അതിഷിയെ അറസ്റ്റ് ചെയ്യുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. അതിനാണ് ഇപ്പോൾ അവർ പദ്ധതിയിടുന്നത്. മോദി വീണ്ടും അധികാരത്തിൽവന്നാൽ എല്ലാ പ്രതിപക്ഷ നേതാക്കളും അറസ്റ്റിലാകുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.