ന്യൂഡല്‍ഹി: മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 7 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ഡല്‍ഹി റൗസ് അവന്യൂ കോടതി ഉത്തരവായി. ഇതോടെ പുതിയ ചരിത്രം എഴുതപ്പെട്ടിരിക്കുകയാണ്.
അധികാരസ്ഥാനത്തിരിക്കെ, രാജ്യത്ത് അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി മാറി അരവിന്ദ് കെജ്രിവാള്‍. 600 കോടി രൂപയുടെ ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലാകുന്ന ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ കൂടിയാണ് കെജ്രിവാള്‍.
മദ്യത്തിനെതിരെ ഗാന്ധിയന്‍ അണ്ണാ ഹസാരെയോടൊപ്പം പോരാടിയ ആള്‍ അധികാരത്തിലെത്തിയപ്പോള്‍ മദ്യ ലോബിയുടെ പിണിയാളായി. അഴിമതിക്കെതിരെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീലാ ദിക്ഷിത്തിനെതിരെ കലാപം ഉയര്‍ത്തിയ ആള്‍ ഭരണമേറ്റതോടെ അഴിമതി കേസില്‍ ജയിലിലായി. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയില്‍ വിട്ട് സുപ്രീം കോടതി ഉത്തരവായതോടെ ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണം പുതിയ ദിശയിലേക്കു മാറിയിരിക്കുകയാണ്.
ഒരു മരണം, ഒരു രക്തസാക്ഷിത്വം, ഒരു അറസ്റ്റ് ... ഇതൊക്കെ തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ അവിചാരിതമായി സ്വാധീനിക്കുമെന്നാണ് ചരിത്രം. സഹതാപ തരംഗങ്ങള്‍ എത്ര തിരഞ്ഞെടുപ്പുഫലങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നു. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വങ്ങള്‍ ഉണ്ടാക്കിയ തരംഗം തിരഞ്ഞെടുപ്പ് ഫലങ്ങളെ തിരുത്തിയത് നാം കണ്ടു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് സമന്‍സുകളാണ് ഇ.ഡി. അരവിന്ദ് കെജ്രിവാളിന് അയച്ചത്. എന്നാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം തയ്യാറായില്ല. ഞായറാഴ്ച ഒമ്പതാമത്തെ സമന്‍സ് അയച്ചതിന് പിന്നാലെ അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇ.ഡി. നല്‍കിയ രണ്ട് പരാതികളില്‍ ഡല്‍ഹിയിലെ കോടതിയില്‍ നിന്ന് കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി. ഒമ്പതാമത്തെ സമന്‍സ് അയച്ചത്. നേരത്തേ അയച്ച എട്ടില്‍ ആറ് സമന്‍സുകളും അവഗണിച്ചതിനെതിരെയായിരുന്നു പരാതി.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിനെത്താനുള്ള ഒമ്പതാമത്തെ സമന്‍സിനും കെജ്രിവാള്‍ ഹാജരായിരുന്നില്ല. അറസ്റ്റിനെതിരെ രാത്രിതന്നെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല. തുടര്‍ന്ന്, ഇ ഡി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേ സമയം കെജ്രിവാളിനെയും അണ്ണാ ഹസാരെയെയും കുറ്റപ്പെടുത്തി മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തു വന്നു. 'കര്‍മഫല'മാണ് കെജ്രിവാള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് അവര്‍ എക്‌സില്‍ കുറിച്ചു.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിനെതിരെ നിരുത്തരവാദപരവും അടിസ്ഥാരഹിതവുമായ ആരോപണങ്ങളാണ് അണ്ണാ ഹസാരയും കെജ്രിവാളും ഉന്നയിച്ചിരുന്നതെന്ന് ശര്‍മിഷ്ഠ മുഖര്‍ജി ആരോപിച്ചു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ കെജ്രിവാള്‍ അനുഭവിക്കുന്നത്.
ഷീല ദീക്ഷിത്തിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് അന്ന് അവകാശവാദമുന്നയിച്ചവര്‍ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അന്ന് ഷീലാ ദിക്ഷിത്തിനെതിരെ ആരോപണങ്ങളുന്നയിച്ചവര്‍ ഇപ്പോള്‍ അതേ നടപടി നേരിടുകയാണെന്നും ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു.
ഡല്‍ഹി മദ്യനയ കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ്രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം. 2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജ്രിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇ.ഡി. പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ആപ് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍ എന്നിവരെയും ചില മദ്യവ്യവസായികളളെയും
തെലങ്കാനയിലെ ബി.ആര്‍.എസ്. നേതാവ് കെ. കവിതയേയും ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കെജ്രിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എ.എ.പി. നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി. പറയുന്നത്.
മുന്‍ മുഖ്യമന്ത്രിമാരായ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി ജെ ജയലളിത, തെലുഗു ദേശം പാര്‍ട്ടിയുടെ ചന്ദ്രബാബു നായിഡു, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവ് ഓം പ്രകാശ് ചൗട്ടാല തുടങ്ങിയവര്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള നേതാക്കളാണ്. പക്ഷേ സ്ഥാനം വിട്ടൊഴിഞ ശേഷമോ രാജി വച്ച ശേഷമോ മാത്രമാണ് ഇവരെല്ലാം അറസ്‌റിലായതു.
2022 ജൂലായ് 30 ന് പുതിയ മദ്യ നയം നിലവില്‍ വരുന്നതുവരെ ആറുമാസത്തേക്ക് പഴയ നയം പുനഃസ്ഥാപിക്കാന്‍ എക്സൈസ് വകുപ്പ് മന്ത്രി കൂടിയായ മനീഷ് സിസോദിയ നിര്‍ദേശം നല്‍കിയതാണ് കേസിന് തുടക്കം.
തൊട്ടു പിന്നാലെ ഓഗസ്റ്റ് 17 ന് വഞ്ചന, കൈക്കൂലി കുറ്റങ്ങള്‍ ചുമത്തി സിസോദിയക്കും എക്സൈസ് വകുപ്പുദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കുമെതിരേ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തു. 19 ആം തീയതി സിസോദിയയുടെയും ആം ആദ്മി പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങളുടെയും വസതിയില്‍ സി.ബി.ഐ. റെയ്ഡ് നടത്തി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഇ.ഡി. സി.ബി.ഐ.യില്‍നിന്ന് കേസിന്റെ വിശദാംശങ്ങള്‍ തേടി. എക്സൈസ് നയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കുന്നത് അതോടെയാണ്. ഓഗസ്റ്റ് 30 ന് ഗാസിയാബാദിലെ സെക്ടര്‍ നാല് വസുന്ധരയിലെ പി.എന്‍.ബി. ശാഖയില്‍ അഞ്ച് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ സംഘമെത്തി സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചു. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ രാജ്യത്തുടനീളം 35 സ്ഥലങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തി.
മാര്‍ച്ച് 21 ന് അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ ഇ ഡി അറസ്റ്റ് രേഖപ്പെടുത്തി.