ലോക്സഭയിലേക്ക് തഴയപ്പെട്ട ബിജെപി നേതാക്കൾ നിയമസഭയിലേക്ക് മത്സരിക്കും

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ മേൽനോട്ടം വഹിക്കാൻ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡയെ പാർട്ടി ദേശീയ നേതൃത്വം നിയോഗിച്ചു. തിരഞ്ഞെടുപ്പു പ്രചാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകും.

author-image
anumol ps
New Update
bjp flag

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ട ബിജെപി നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കും. ഡൽഹിയിലെ മുതിർന്ന ബിജെപി നേതാക്കളായ മുൻ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, രമേഷ് ബിധുഡി, പർവേഷ് വർമ എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നാണ് വിവരം. രാജസ്ഥാനിലെ രൺതംബോറിൽ ആഴ്ചകൾ മുൻപു നടന്ന ആർഎസ്എസ്–ഡൽഹി ബിജെപി നേതൃയോഗത്തിൽ ഇതുൾപ്പെടെയുള്ള നിർദേശങ്ങൾ ഉയർന്നുവെന്നാണ് സൂചന.

ഹരിയാനയിലെ വിജയം ഡൽഹിയിലും നേട്ടമായി മാറുമെന്നും ഇക്കുറി വിജയം സ്വന്തമാക്കാൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണു ബിജെപി നേതൃത്വം. ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. 70 അംഗ നിയമസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് 8 അംഗങ്ങളെയാണു ലഭിച്ചത്.

2019ൽ ഡൽഹിയിൽ നിന്നു ലോക്സഭയിലെത്തിയ 7 ബിജെപി എംപിമാരിൽ ഒരാൾക്കു മാത്രമാണ് ഇക്കുറി അവസരം ലഭിച്ചത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയെ ഉൾപ്പെടെ ഒഴിവാക്കിയിരുന്നു. ഗ്രേറ്റർ കൈലാഷ് നിയോജക മണ്ഡലം ഉൾപ്പെടെ ഇവർക്കു വേണ്ടി പരിഗണനയിലുണ്ട്.

വർഗീയ പരാമർശത്തിലൂടെ വിവാദങ്ങളിൽ ഇടം പിടിച്ച രമേഷ് ബിധുഡിക്ക് എതിരായ ജനവികാരം ഉൾപ്പെടെ പരിഗണിച്ചാണു ടിക്കറ്റ് നിഷേധിച്ചത്. എന്നാൽ ഇദ്ദേഹത്തിനു രണ്ടാമതൊരു അവസരം കൂടി നൽകണമെന്നാണു ആർഎസ്എസ് നേതൃത്വം ശുപാർശ ചെയ്തിരിക്കുന്നത്. 2003 മുതൽ 2014 വരെ തുഗ്ലക്കാബാദിൽ നിന്നുള്ള എംഎൽഎയായിരുന്ന ഇദ്ദേഹത്തെ ഈ മണ്ഡലത്തിൽ തന്നെ വീണ്ടും നിയോഗിച്ചേക്കും.

ഡൽഹി മുൻ മുഖ്യമന്ത്രിയായ സാഹിബ് സിങ് വർമയുടെ മകൻ പർവേഷിനെ നജഫ്ഗഡ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണു പരിഗണിക്കുന്നത്. അതേസമയം സജീവരാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങിയ മുൻകേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ, ഹൻസ് രാജ് ഹൻസ് തുടങ്ങിയവർക്കു നിയമസഭയിലേക്കു ടിക്കറ്റ് നൽകാനുള്ള സാധ്യതയുമില്ല.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ മേൽനോട്ടം വഹിക്കാൻ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡയെ പാർട്ടി ദേശീയ നേതൃത്വം നിയോഗിച്ചു. തിരഞ്ഞെടുപ്പു പ്രചാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകും. ഗാസിയാബാദിൽ നിന്നുള്ള ലോക്സഭാംഗം അതുൽ ഗാർഗിനാണു സഹചുമതല. മുൻ എംപികൂടിയായ ബൈജയന്ത് പാണ്ഡ 2019ലാണു ബിജെപിയിൽ ചേർന്നത്. ദേശീയ വക്താവ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

BJP delhi assembly election