ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ലഖ്നൗവിലെ ബക്ഷി കാ തലാബ് ഏരിയയിലെ ഭക്ഷണശാലയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയതോടെ പ്രതികള്‍ കുട്ടിയെ ആക്രമിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ബാലാത്സംഗം ചെയ്യുകയുമായിരുന്നു. കൃത്യം മറച്ചുവെയ്ക്കാന്‍ കുട്ടിയെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താനും സംഘം ശ്രമിച്ചു. കുട്ടി ബോധരഹിതയായതോടെ ഇരുവരും കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എന്നാല്‍ അല്പസമയത്തിന് ശേഷം ബോധം വീണ്ടെടുത്ത പെണ്‍കുട്ടി വീട്ടിലെത്തി സംഭവം മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്കി.
പ്രതികള്‍ തന്നെ ബലമായി പീഡിപ്പിച്ചുവെന്നും ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലായ മറ്റൊരു പ്രതിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
സംഭവത്തില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ബക്ഷി കാ തലാബ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ് സി/എസ് ടി ആക്ട് പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.