ലഖ്നൗ: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. സംഭവ സമയം വീട്ടിൽ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തിൽ അഞ്ച് പേരുടെ മരണം ചീഫ് മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ബ്രിഗേഡ് സംഘവും, പൊലീസും എൻഡിആർഎഫും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്താൻ ജില്ലാ മജിസ്ട്രേറ്റിന് നിർദേശം നൽകിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.. പൊട്ടിത്തെറി ഉണ്ടാകാനുള്ള കാരണം അന്വേഷിക്കണമെന്നും നിർദേശമുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.