കൊൽക്കത്ത: റെമാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സതേൺ, ഈസ്റ്റേൺ റെയിൽവേയുടെ നിരവധി ട്രെയിനുകൾ റദ്ദാക്കി. മുർഷിദാബാദ്, നാദിയ ജില്ലകളിലേക്ക് കാറ്റിൻ്റെ ഗതി നീങ്ങി. കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാളിൽ കനത്ത മഴയാണ്. ഒരു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും നാശം വിതയ്ക്കുകയും ചെയ്തു.
കൊൽക്കത്തയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി. തീരദേശ റിസോർട്ട് പട്ടണമായ ദിഘയിലെ കടൽഭിത്തിയിൽ ഭീമാകാരമായ തിരമാലകൾ ആഞ്ഞടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൊൽക്കത്തയിലെ ബിബിർ ബഗാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് മതിൽ തകർന്ന് ഒരാൾക്ക് പരിക്കേറ്റു.
ബംഗാളിലെ തീര പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അസമിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അസമിലെ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച രാവിലെ 9 വരെ സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം.
ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ യാതൊരു കാരണവശാലും ബംഗാൾ ഉൽക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാനത്ത് നിർദേശമുണ്ട്.