ന്യൂഡൽഹി: രാജ്യത്തെ വിവിധ സിആർപിഎഫ് സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡൽഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഡൽഹി പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.ഈ സ്‌ഫോടനത്തിൽ പിന്നിൽ ഖലിസ്താൻ വാദികളാണെന്നാണ് നിഗമനം.
ബോംബ് സ്‌ഫോടനത്തിൽ സ്‌കൂൾ മതിലും സമീപത്തെ കടകളുടെ ബോർഡുകളും പാർക്കു ചെയ്തിരുന്ന കാറുകളും തകർന്നിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും സിആർപിഎഫ് കേന്ദ്രത്തിനടുത്തുണ്ടായ സ്‌ഫോടനത്തെ അതിഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്.