പത്തനംതിട്ട: പത്തനംതിട്ടയിലെ തോമസ് ഐസക്കിന്റെ പരാജയത്തിൽ സിപിഎമ്മിൽ കലഹം രൂക്ഷമാകും. നേതാക്കൾ തമ്മിലെ തർക്കങ്ങളിൽ തുടങ്ങിയതായും പാർട്ടി വോട്ടിലെ ഗണ്യമായ ചോർച്ചയിൽ അന്വേഷണമുണ്ടാകുമെന്നുമാണ് വിവരം.കേന്ദ്ര കമ്മിറ്റി അംഗത്തെ ഇറക്കിയുള്ള സിപിഎം പരീക്ഷണവും പത്തനംതിട്ടയിൽ പാളുന്ന കാഴ്ചയാണ് ഫലം പുറത്തുവന്നപ്പോൾ കണ്ടത്.യുഡിഎഫ് തരംഗത്തിൽ തിരിച്ചടിയുണ്ടായെന്ന് പ്രാഥമികമായി പറഞ്ഞെങ്കിലും പരാജയകാരണം കർശനമായി പരിശോധിക്കണമെന്ന നിലപാടിലാണ് തോമസ് ഐസക്.
തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താൻ സിപിഎം നേതൃയോഗങ്ങളിലേക്ക് കടക്കും. വിശദമായ ചർച്ചകൾക്കായി അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ചിട്ടുണ്ട്.തിരുത്തൽ നടപടികൾ ആവശ്യമുണ്ടെന്ന് കണ്ടാൽ ഉടൻ അതിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം.മറ്റന്നാൾ ചേരുന്ന സെക്രട്ടേറിയറ്റിൽ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടക്കും. വിശദമായ ചർച്ചയ്ക്ക് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങൾ ചേരും.16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20 തീയതികളിൽ സംസ്ഥാന സമിതി യോഗവും നടക്കും.
അതേസമയം, ബിജെപി ജില്ലാ നേതൃത്വത്തിൻറെ നിസഹകരണത്തിൽ അനിൽ ആൻറണിയും അതൃപ്തിയിലാണ്.മന്ത്രി വീണാ ജോർജ്ജിൻറെ സ്വന്തം ആറന്മുളയിലാണ് ആൻറോ ആൻറണിക്ക് വമ്പൻ ഭൂരിപക്ഷം ലഭിച്ചത്. പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് ഇതിലൂടെ വ്യക്തമാണ്. മുതിർന്ന സിപിഎം നേതാക്കളുടെ മണ്ഡലമായ അടൂരിലും ആൻറോ ഇക്കുറി മുന്നേറി. തെരഞ്ഞെടുപ്പ് ഫലത്തിലെ അതൃപ്തി പത്തനംതിട്ടയിലെ ബിജെപിയിലും പുകയുകയാണ്. മോശമല്ലാത്ത പ്രകടനം അനിൽ ആൻറണി കാഴ്ചവെച്ചെങ്കിലും കെ. സുരേന്ദ്രൻ പിടിച്ച വോട്ടുകൾ മറികടക്കാനായില്ല. ബിജെപി ജില്ലാ നേതൃത്വത്തിൻറെ നിസ്സഹകരണം പ്രതികൂലമായെന്ന് അനിലിനോട് അടുത്തവൃത്തങ്ങൾ പറയുന്നു. മാധ്യമങ്ങളോട് ഒരുപ്രതികരണവും നടത്താതെ അനിൽ ഡൽഹിക്ക് പോകുകയും ചെയ്തു.