പശുക്കൾക്ക് രാജ്യമാതാവ് പദവിനൽകി മഹാരാഷ്ട്ര സർക്കാർ

ഇന്ത്യൻ സമൂഹത്തിൽ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

author-image
anumol ps
New Update
cow

പ്രതീകാത്മക ചിത്രം

 

 

മുംബൈ: സ്വദേശി പശുക്കൾക്ക് രാജ്യമാതാവ് പദവിനൽകി മഹാരാഷ്ട്ര സർക്കാർ. ഗവർണർ സി.പി. രാധാകൃഷ്ണൻ ഒപ്പിട്ട പ്രമേയത്തിലൂടെയാണ് പ്രഖ്യാപനം നിലവിൽവന്നത്. ഇന്ത്യൻ സമൂഹത്തിൽ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. പശുക്കൾ പുരാതനകാലംമുതൽ മനുഷ്യജീവിതത്തിന്റെ ഒരു പ്രധാനഭാഗമാണെന്നും പശുവിനെ കാമധേനു എന്ന് പണ്ടുകാലംമുതൽ ഭാരതം വിശേഷിപ്പിച്ചിരുന്നതായും പ്രമേയത്തിലുണ്ട്. രാജ്യത്തുടനീളം വ്യത്യസ്ത ഇനങ്ങളുണ്ടെങ്കിലും നാടൻപശുക്കളുടെ എണ്ണം വൻതോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

സ്വദേശി പശുക്കളെ വളർത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി നൽകാനുള്ള പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ പ്രസ്താവനയിൽ പറഞ്ഞു. വരുമാനം കുറവായതിനാൽ അവർക്ക് താങ്ങേകാനാണ് തീരുമാനം. സബ്‌സിഡി പദ്ധതി ഓൺലൈനായാണ് നടപ്പാക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.

വിവിധയിനം തദ്ദേശീയ പശുക്കളുടെ ആവാസകേന്ദ്രമാണ് മഹാരാഷ്ട്ര. 2019-ലെ മൃഗസെൻസസ് പ്രകാരം തദ്ദേശീയ ഇനം പശുക്കളുടെ എണ്ണം 46,13,632 ആയിരുന്നു. എന്നാൽ, തൊട്ടുമുൻപത്തെ സെൻസസിനെ അപേക്ഷിച്ച് ഇത് 20.69 ശതമാനം കുറവാണ്. തദ്ദേശീയ ഇനങ്ങളെ പരിപാലിക്കാൻ ഗോശാലകൾക്ക് പ്രതിദിനം 50 രൂപ സബ്സിഡിയായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബറിൽ നടക്കാനാണ് സാധ്യത. നവംബർ 26-നാണ് നിലവിലെ സഭയുടെ കാലാവധി അവസാനിക്കുന്നത്. 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

maharashtra cow