'ഇന്ത്യക്ക് രാഷ്ട്രപിതാവില്ല'; പുതിയ വിവാദത്തിന് തിരികൊളുത്തി കങ്കണ

രാഷ്ട്രീയത്തില്‍ കാലെടുത്തുവെച്ച ചുരുങ്ങിയ കാലയളവില്‍ത്തന്നെ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് കങ്കണയെന്ന് പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവ് മനോരഞ്ജന്‍ കാലിയ കുറ്റപ്പെടുത്തി.

author-image
Vishnupriya
New Update
mp

ന്യൂഡല്‍ഹി: ബി.ജെ.പി. എം.പി.യും നടിയുമായ കങ്കണ റണൗട്ട് ഗാന്ധിജയന്തിദിനത്തില്‍ പങ്കുവെച്ച സാമൂഹികമാധ്യമ പോസ്റ്റ് പുതിയ വിവാദത്തില്‍. രാജ്യത്തിന് രാഷ്ട്രപിതാവ് ഇല്ലെന്നും ഭാരതമാതാവിന്റെ പുത്രന്മാരേയുള്ളു എന്നുമുള്ള കങ്കണയുടെ അഭിപ്രായമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 120-ാം ജന്മവാര്‍ഷിക ആശംസ നേരുന്ന കങ്കണയുടെ ഇന്‍സ്റ്റഗ്രാം 'സ്റ്റോറി'യില്‍ ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം 'രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാര്‍ അനുഗ്രഹീതരാണ്' എന്നാണ് കങ്കണ കുറിച്ചത്. മാത്രമല്ല, ഗാന്ധിജിയുടെ ശുചിത്വഭാരതം എന്ന ആശയം മുന്നോട്ട് കൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നും കങ്കണ കുറിച്ചു .

ഇതിനുപിന്നാലെയാണ് കങ്കണയ്ക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി ബി.ജെ.പി. നേതാക്കളടക്കം രംഗത്തെത്തിയത്. രാഷ്ട്രീയത്തില്‍ കാലെടുത്തുവെച്ച ചുരുങ്ങിയ കാലയളവില്‍ത്തന്നെ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് കങ്കണയെന്ന് പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവ് മനോരഞ്ജന്‍ കാലിയ കുറ്റപ്പെടുത്തി.

ഗാന്ധിജിയെക്കുറിച്ച് കങ്കണ നടത്തിയ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയം അവരുടെ മേഖലയല്ല. രാഷ്ട്രീയം കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണ്. അവിടെ ചിന്തിച്ച് മാത്രമേ സംസാരിക്കാവൂ. കങ്കണയുടെ അനാവശ്യ വിവാദങ്ങള്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും മനോരഞ്ജന്‍ കാലിയ പറഞ്ഞു.

നേരത്തെ കങ്കണയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേത്തും രംഗത്തെത്തിയിരുന്നു. ഗോഡ്‌സേയുടെ സ്തുതിപാടകരാണ് ഗാന്ധിജിക്കും ശാസ്ത്രിജിക്കും ഇടയിലുള്ള അന്തരത്തെക്കുറിച്ച് സംസാരിക്കുന്നത്. നരേന്ദ്രമോദി ഇത് സഹിക്കുമോ? ഇന്ത്യക്കൊരു രാഷ്ട്രപിതാവുണ്ട്, രാജ്യത്തിന്റെ പുത്രന്മാരും രക്തസാക്ഷികളുമുണ്ട്. അവരെല്ലാവരും ബഹുമാനം അര്‍ഹിക്കുന്നു, സുപ്രിയ പറഞ്ഞു.

BJP gandhi jayanti kankana ranault