ഡൽഹി: ചെങ്കോട്ടയിലെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒളിമ്പിക് മെഡൽ ജേതാക്കൾക്കൊപ്പം അവസാന നിരയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തുന്നത്.
രാഹുൽ ഗാന്ധി ഇന്ത്യൻ ഹോക്കി ടീം ഫോർവേഡ് ഗുർജന്ത് സിങ്ങിൻ്റെ അരികിലാണ് ഇരുന്നത്. പ്രോട്ടോക്കോൾ അനുസരിച്ച്, കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് എല്ലായ്പ്പോഴും മുൻ നിരയിൽ ഒരു ഇരിപ്പിടം നൽകുന്നതാണ് രീതി. മുൻ നിരയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ് ജയശങ്കർ എന്നിവർ ഉണ്ടായിരുന്നു.
മനു ഭാക്കർ, സരബ്ജോത് സിംഗ് തുടങ്ങിയ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായിരുന്നു മുൻ നിരകൾ. ഒളിമ്പിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പിആർ ശ്രീജേഷ് എന്നിവരും രാഹുൽ ഗാന്ധിക്ക് മുന്നിൽ ഇരുന്നു.എന്തുകൊണ്ടാണ് രാഹുൽ പിൻ സീറ്റിൽ ഇരുന്നതെന്ന് വ്യക്തമല്ല. അദ്ദേഹത്തിനായി മുൻനിരയിൽ സീറ്റ് നൽകിയിരുന്നോ എന്നും സോഷ്യൽ മീഡിയയിൽ ചോദ്യമുയരുന്നുണ്ട്. വലിയ ആഘോഷത്തോടെയാണ് 78-ാമത് സ്വാതന്ത്ര്യദിനം രാജ്യം കൊണ്ടാടിയത്. ഒട്ടേറെ വാഗ്ദാനങ്ങളാണ് പ്രധാനമന്ത്രി ഈ ദിനത്തിൽ ജനങ്ങളുമായി പങ്കുവെച്ചിരിക്കുന്നത്.
സ്ത്രീസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കൊപ്പം യൂണിഫോം സിവിൽ കോഡും രാജ്യ ഇന്ന് ചർച്ചചെയ്തു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയനമായിരുന്നു. 10 വർഷത്തിന് ശേഷമാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാജ്യത്തിൻ്റെ സ്വാതന്ത്രദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ റെഡ് ഫോർട്ടിൽ എത്തുന്നത്. പ്രതിപക്ഷാഗംങ്ങളുടെ എണ്ണത്തിലെ കുറവാണ് ഇതിന് കാരണമായത്.
അതെസമയം രാഹുൽ ഗാന്ധിയുടെ ഇരിപ്പിട ക്രമീകരണം സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. മുൻനിര ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് സീറ്റ് അനുവദിച്ചതിനാലാണ് കോൺഗ്രസ് എംപിയെ പിന്നിലേയ്ക്ക് മാറ്റേണ്ടി വന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളടെ വിശദീകരണം. സ്വാതന്ത്ര്യ ദിന പരിപാടിയുടെ നടത്തിപ്പും ക്രമീകരണങ്ങളും പ്രതിരോധ മന്ത്രാലയത്തിനാണ്.