തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ വിവാദ പരാമർശം; കസ്തൂരിക്കെതിരെ കേസ്

ഹിന്ദു മക്കൾ കച്ചി (എച്ച്എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകൻ അർജുൻ സമ്പത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശങ്ങൾ.

author-image
Anagha Rajeev
New Update
actress kasturi

വിവാദ പരാമർശം നടത്തിയ നടി കസ്തുരി ശങ്കറിനെതിരെ കേസെടുത്ത് പോലീസ്. ഗ്രേറ്റർ ചെന്നൈ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് നടപടി. അതേസമയം താൻ ബ്രാഹ്‌മണയായത് കൊണ്ട് തമിഴ് സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും കസ്തൂരി ആരോപിച്ചിരുന്നു.

ഹിന്ദു മക്കൾ കച്ചി (എച്ച്എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകൻ അർജുൻ സമ്പത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശങ്ങൾ. ‘തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ പിൻഗാമികൾ തമിഴ് രാജാക്കന്മാരുടെ ഹറമുകളിലെ സ്ത്രീകളെ സേവിക്കാൻ എത്തിയിരുന്നു, ഇപ്പോൾ അവർ തമിഴരാണെന്ന് അവകാശപ്പെടുന്നു’ എന്നായിരുന്നു കസ്തൂരിയുടെ പരാമർശം.

ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ തെലുങ്ക് ഫെഡറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സെക്ഷൻ 192 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കുക), സെക്ഷൻ 196(1)(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നത്), സെക്ഷൻ 353(1)(ബി) (ജനങ്ങൾക്ക് ഭയമോ ഭീതിയോ ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ), സെക്ഷൻ 353(2) (തെറ്റായ വിവരങ്ങൾ അടങ്ങിയ പ്രസ്താവനകൾ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tamil Nadu