ഡല്‍ഹി ന്യായ് യാത്രയുമായി കോണ്‍ഗ്രസ്

70 മണ്ഡലങ്ങളിലൂടെയും കടന്നുപോകും.ഡല്‍ഹിയില്‍ തിരിച്ചു വരാനാവുമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. 2013 മുതല്‍ അധികാരത്തില്‍ നിന്ന് പുറത്താണ് പാര്‍ട്ടി

author-image
Prana
New Update
congress flag

ഡല്‍ഹിയിലെ നഷ്ടമായ പ്രതാപവും ഭരണവും തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഡല്‍ഹി ന്യായ് യാത്രക്ക് തുടക്കമിട്ടിരിക്കുകയാണ് പാര്‍ട്ടി.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിന്ന് ആവേശം ഉള്‍കൊണ്ടാണ് 'ഡല്‍ഹി ന്യായ് യാത്ര'. ഗാന്ധി സമാധിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നവംബര്‍ 8 മുതല്‍ ഡിസംബര്‍ 4 വരെ നാല് ഘട്ടങ്ങളിലായി 70 മണ്ഡലങ്ങളിലൂടെയും കടന്നുപോകും.ഡല്‍ഹിയില്‍ തിരിച്ചു വരാനാവുമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. 2013 മുതല്‍ അധികാരത്തില്‍ നിന്ന് പുറത്താണ് പാര്‍ട്ടി. 2015ലേയും 2020ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് നേടാനായിട്ടില്ല. 
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹകരിച്ച പോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി കൂടെയുണ്ടാവില്ലെന്ന് ഉറപ്പാണ്. ഒറ്റയ്ക്ക് മത്സരിക്കുന്ന സൂചനയാണ് നിലവില്‍ ലഭ്യമാകുന്നത്. സഖ്യ സാധ്യതകള്‍ തള്ളുന്ന രിതിയിലാണ് നേതാക്കളുടെ പ്രതികരണങ്ങള്‍. എന്നാല്‍ ഹരിയാന ഒരു മുന്നറിയിപ്പായി പാര്‍ട്ടിക്കു മുന്നിലുണ്ട്. ഹരിയാനയില്‍ എ.എ.പി സഖ്യത്തിനായി ശ്രമിച്ചെങ്കിലും ചോദിച്ച സീറ്റുകള്‍ കോണ്‍ഗ്രസ് കൊടുത്തിരുന്നില്ല. ആ സംസ്ഥാനം തന്നെ കോണ്‍ഗ്രസിന് കൈവിടേണ്ടിയും വന്നു.
 250 മുതല്‍ 300വരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ യാത്രയുടെ ഭാഗമാകും. യാത്രയിലുടനീളം ജനങ്ങളുമായി സംവദിക്കുമെന്നും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നുമാണ് യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു. തന്റെ പ്രസംഗത്തില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കുറ്റപ്പെടുത്തുകയും ചെയ്തു അദ്ദേഹം. കഴിഞ്ഞ 11 വര്‍ഷമായി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നവും പരിഗണിച്ചിട്ടില്ലെന്നും വാഗ്ദാനങ്ങളൊന്നും നിറവേറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും എ.എ.പിയും അംബേദ്കറുടെ ഭരണഘടനാ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

delhi congress