ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രകടനപത്രിക പുറത്തിറക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ബൻ എന്നിവരും ഖർഗെയ്ക്കൊപ്പം ഡൽഹിയിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് എത്തി ചേർന്നിരുന്നു.
ജാതി സർവേ, മിനിമം താങ്ങുവില തുടങ്ങി നിരവധി പദ്ധതികളാണു പ്രകടനപത്രികയിൽ ഉള്ളത്. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ ഓരോ വിഭാഗവും എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കുന്നതിനായി ജാതി സർവേ നടത്തുമെന്നു ഖർഗെ പറഞ്ഞു.
സ്ത്രീശാക്തീകരണം, സാമൂഹിക സുരക്ഷ ഉറപ്പാക്കൽ, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക, കുടുംബങ്ങളുടെ ക്ഷേമം, പാവപ്പെട്ടവർക്ക് വീട് തുടങ്ങിയവയാണു മറ്റ് ഉറപ്പുകൾ. അധികാരത്തിൽ എത്തുകയാണെങ്കിൽ മിനിമം താങ്ങുവിലയ്ക്കു നിയമ പരിരക്ഷ നൽകുമെന്നും ഖർഗെ വാഗ്ദാനം ചെയ്തു. 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. ഫലം ഒക്‌ടോബർ എട്ടിന് പ്രഖ്യാപിക്കും.