ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്.പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി,കെ.സി വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.തൊഴിലില്ലായ്മ,സ്ത്രീ ശാക്തീകരണം,ജാതി സെൻസസ് എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രകടന പത്രിക ന്യായ് പത്ര് എന്ന പേരിലാണ് പുറത്തിറക്കിയത്.
ജാതി സെൻസസ് നടപ്പാക്കുന്നതും എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാർ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം, വാർധക്യ കാല, വികലാംഗ പെൻഷൻ തുക ആയിരം രൂപയായി ഉയർത്തും, മുതിർന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകും, രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരുമെന്ന് ന്യായ് പത്ര് പറയുന്നു.
അഗ്നിപഥ് പരിപാടി നിർത്തലാക്കുമെന്നും പൂർണ്ണ അംഗീകൃത ശക്തി കൈവരിക്കുന്നതിന് സാധാരണ റിക്രൂട്ട്‌മെൻ്റ് പുനരാരംഭിക്കാൻ സായുധ സേനയ്ക്ക് (കരസേന, നാവികസേന, കോസ്റ്റ് ഗാർഡ്) നിർദ്ദേശം നൽകുമെന്നും പ്രകടന പത്രികയിൽ കോൺഗ്രസ് ചൂണ്ടികാട്ടി.എല്ലാ പൗരന്മാരെയും പോലെ ന്യൂനപക്ഷങ്ങൾക്കും വസ്ത്രധാരണം, ഭക്ഷണം, ഭാഷ, വ്യക്തിനിയമം എന്നിവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കോൺഗ്രസ് ഉറപ്പാക്കും. വ്യക്തിനിയമങ്ങളുടെ പരിഷ്കരണത്തെ പ്രോത്സാഹിപ്പിക്കും. ബന്ധപ്പെട്ട സമൂഹങ്ങളുടെ പങ്കാളിത്തത്തോടും സമ്മതത്തോടും കൂടിയാകണം ഇത്തരം പരിഷ്‌കാരങ്ങളെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ ചികിത്സയും, മികച്ച ടെസ്റ്റിംഗ് സൗകര്യവും പ്രകടന പത്രിക ഉറപ്പുനൽകുന്നു. പാവപ്പെട്ടവർക്കായി മഹാലക്ഷ്മി പദ്ധതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ നൽകും, 2025 മുതൽ കേന്ദ്ര സർക്കാരിലെ പകുതി തസ്തികകൾ വനിതകൾക്കായി സംവരണം ചെയ്യും, നേതാക്കൾ കൂറുമാറിയാൽ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരും, താങ്ങുവില നിയമ വിധേയമാക്കും എന്നീ വാഗ്ദാനങ്ങൾക്കൊപ്പം ഇലക്ടറൽ ബോണ്ടിലും പിഎം കെയർ ഫണ്ടിലും അന്വേഷണം കൊണ്ടുവരുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
സ്വയം നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്താനും പത്രപ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കാനും എഡിറ്റോറിയൽ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും സർക്കാർ ഇടപെടലിൽ നിന്ന് സംരക്ഷിക്കാനും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ആക്ട് 1978 ഭേദഗതി ചെയ്യുമെന്ന് പാർട്ടി അറിയിച്ചു.ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും പൗരന്മാർക്ക് ഭയത്തിൽ നിന്നും സ്വാതന്ത്ര്യം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.മാധ്യമങ്ങളുടെ പൂർണ്ണ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സുപ്രീം കോടതിയുമായും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും കൂടിയാലോചിച്ച ശേഷം ദേശീയ ജുഡീഷ്യൽ കമ്മീഷൻ (എൻജെസി) രൂപീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. എൻജെസിയുടെ ഘടന സുപ്രീം കോടതിയുമായി ആലോചിച്ച് തീരുമാനിക്കും. ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരുടെ തിരഞ്ഞെടുപ്പും നിയമനവും എൻജെസിക്കായിരിക്കും. മൂന്ന് വർഷത്തിനകം ഹൈക്കോടതികളിലെയും സുപ്രീം കോടതികളിലെയും ഒഴിവുകൾ നികത്തുമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
സർക്കാർ പരീക്ഷകൾക്കും സർക്കാർ തസ്തികകൾക്കുമുള്ള അപേക്ഷാ ഫീസ് നിർത്തലാക്കും. കൂടിയാലോചനകൾക്ക് ശേഷം, LGBTQIA+ കമ്മ്യൂണിറ്റിയിൽപ്പെട്ട ദമ്പതികൾക്കിടയിൽ സിവിൽ യൂണിയനുകൾ അംഗീകരിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതുൾപ്പെടെ പ്രകടന പത്രികയിലുണ്ട്.ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സാമ്പത്തിക പുരോഗതി ഉണ്ടാക്കുന്നതിനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ അടുത്ത 10 വർഷത്തിനുള്ളിൽ ജിഡിപി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായും കോൺഗ്രസ് അറിയിച്ചു.
ബി.ജെ.പി/എൻ.ഡി.എ സർക്കാർ നടപ്പിലാക്കിയ ജി.എസ്.ടി നിയമങ്ങൾക്ക് പകരം ജി.എസ്.ടി 2.0 കൊണ്ടുവരും. ദരിദ്രർക്ക് ഭാരമാകാത്ത ഏകവും മിതമായ നിരക്കായിരിക്കും പുതിയ ജിഎസ്ടി വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതെന്നും പ്രക്രടന പത്രികയിൽ ചൂണ്ടികാട്ടുന്നു. മാത്രമല്ല മാലിദ്വീപുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ചൈനയുമായുള്ള അതിർത്തിയിലെ പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്നും മുൻകാലങ്ങളിൽ ഇരു സൈന്യങ്ങളും പട്രോളിംഗ് നടത്തിയിരുന്ന പ്രദേശങ്ങളിൽ വീണ്ടും ഇന്ത്യൻ സൈനികർക്ക് സ്ഥാനം ഉറപ്പാക്കുമെന്നും കോൺഗ്രസ് പറഞ്ഞു. ഇത് കൈവരിക്കുന്നത് വരെ ചൈനയോടുള്ള നയം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നതുൾപ്പെടെയാണ് കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലുള്ളത്.