പൂനെ: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് പൂനെയിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കേസിൽ പ്രതിയായ കൗമാരക്കാരനെ രക്ഷിക്കാനായി എം.എൽ.എ ഇടപ്പെട്ടുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സി.ബി.ഐ പൂനെ സംഭവത്തിൽ അന്വേഷണത്തിനായി എത്തണം. ധനികനായ പ്രതിയെ രക്ഷിക്കാനായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ദേവേന്ദ്ര ഫഡ്നാവിസ് വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. കേസിലെ ഫഡ്നാവിസിന്റെ ഇടപെടലുകൾ സംശയകരമാണെന്നും കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോള പറഞ്ഞു.
അതെസമയം ആരോപണവിധേയനായ എം.എൽ.എയുടെ പേര് വെളിപ്പെടുത്താൻ കോൺഗ്രസ് ഇതുവരെ തയാറായിട്ടില്ല.എന്നാൽ, അപകടം നടന്നതിന് പിന്നാലെ എൻ.സി.സി അജിത് പവാർ വിഭാഗം എം.എൽ.എ സുനിൽ ടിൻഗ്ര യെർവാഡ പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ സന്ദർശിച്ചിരുന്നു. കൗമാരക്കാരന്റെ രക്തസാമ്പിളുകൾ എടുക്കുന്നതിലടക്കം വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തിയത്.
സർക്കാറിനെതിരെ ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു. കൗമാരക്കാരന്റെ രക്തസാമ്പിളുകളിൽ ഡോക്ടർമാർ ആരെങ്കിലും തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ അവരെ വെറുതെ വിടില്ല. ഇക്കാര്യത്തിൽ സർക്കാറിനെതിരെ ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.