പ്രചാരണത്തിനു ഫണ്ടില്ല; തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി

മേയ് മൂന്നിന് കെ.സി. വേണുഗോപാലിനു നൽകിയ കത്തിൽ ഫണ്ട് അനുവദിക്കാത്തതുകൊണ്ടു പ്രചാരണം ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് സുചാരിത ചൂണ്ടിക്കാട്ടി.

author-image
Vishnupriya
New Update
su

സുചാരിത മൊഹന്തി

Listen to this article
0.75x 1x 1.5x
00:00 / 00:00

ഒഡിഷ: ലോക്‌സഭാ മണ്ഡലമായ പുരി യിലെ  കോൺഗ്രസ് സ്ഥാനാർഥി സുചാരിത മൊഹന്തി ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്നു പിന്മാറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ലെന്നു വ്യക്തമാക്കിയാണ് പിൻമാറ്റം. പൊതുജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചിട്ടും, ചെലവുചുരുക്കൽ ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയിട്ടും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വരികയാണെന്നും പ്രചാരണം നടത്താൻ സാധിക്കുന്നില്ലെന്നും സുചാരിത അറിയിച്ചു.

‌2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജു ജനതാദളിന്റെ (ബിജെഡി) പിനാകി മിശ്രയോട് സുചാരിത പരാജയപ്പെട്ടിരുന്നു. ‘‘പാർട്ടി എനിക്കു ഫണ്ട് നിഷേധിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ദുർബലരായ സ്ഥാനാർഥികൾക്കാണ്  ടിക്കറ്റ് കൊടുത്തിരിക്കുന്നത്. ബിജെപിയും ബിജെഡിയും പണക്കൊഴുപ്പിന്റെ പ്രദർശനം നടത്തുകയാണ്. ഞാൻ അപ്രകാരം മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല’’ മൊഹന്തി പറഞ്ഞു.

ജനങ്ങളെ  കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണമാണു താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഫണ്ടില്ലാത്തത്  മൂലം അതിന്  സാധിക്കുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടിയും ഉത്തരവാദിയല്ല. ബിജെപി സർക്കാർ പാർട്ടിയെ മുട്ടുകുത്തിച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

മേയ് മൂന്നിന് കെ.സി. വേണുഗോപാലിനു നൽകിയ കത്തിൽ ഫണ്ട് അനുവദിക്കാത്തതുകൊണ്ടു പ്രചാരണം ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് സുചാരിത ചൂണ്ടിക്കാട്ടി. പാർട്ടി ഫണ്ട് ലഭിക്കാതെ പ്രചാരണം തുടരാനാകില്ലെന്നും അതുകൊണ്ടു താൻ മത്സരരംഗത്തുനിന്നു പിൻവാങ്ങുകയാണെന്നും അവർ കത്തിൽ വ്യക്തമാക്കുന്നുണ്ട്. മേയ് 13, 20, 25 ജൂൺ ഒന്ന് തീയതികളിലായിട്ടാണ് ഒഡിഷയിൽ വോട്ടിങ് നടക്കുന്നത്.

congress candidate sucharitha mohanthi election odisia