അവിഹിതബന്ധം: നാടോടികള്‍ തമ്മില്‍ സംഘര്‍ഷം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

നാടോടിസംഘത്തിലെ മൂന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നാല് പേരുടെ നില അതീവഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം.

author-image
Prana
New Update
crime news

ഒഡിഷയിലെ സുന്‍ദര്‍ഗഡ് ജില്ലയില്‍ നാടോടിസംഘാംഗങ്ങള്‍ക്കിടയില്‍ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കം അക്രമത്തിലെത്തിയതോടെ അഞ്ചുപേരെ കുത്തി കൊലപ്പെടുത്തി. നാടോടിസംഘത്തിലെ മൂന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നാല് പേരുടെ നില അതീവഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം.
മഹാരാഷ്ട്രയിലെ വാര്‍ധ, ജാര്‍ഖണ്ഡിലെ ദന്‍ബാദ്, ബിഹാറിലെ ചപ്ര എന്നിവിടങ്ങളില്‍നിന്ന് എത്തിയ മൂന്ന് കുടുംബങ്ങളിലെ ആളുകളാണിവര്‍. നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പാണിവര്‍ സുന്‍ദര്‍ഗഡില്‍ എത്തിയത്. വിവാഹേതര ബന്ധം സംശയിച്ചുണ്ടായ തര്‍ക്കമാണ് കൂട്ടകൊലപാതകത്തിന് കാരണമായതെന്നും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയതെന്നും പോലീസ്‌വൃത്തങ്ങള്‍ പറയുന്നു.
നാടോടികള്‍ക്കിടയില്‍ ചിലകാര്യങ്ങളില്‍ ഭിന്നതയുണ്ടായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. പരിക്കേറ്റവരുടെ നിലമെച്ചപ്പെട്ടാല്‍ മാത്രമേ അതേപറ്റി കൂടുതല്‍ അറിയാന്‍ കഴിയുകയുള്ളൂ. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനുശേഷം രക്ഷപ്പെട്ടവര്‍ക്കൊപ്പം ഒരു സ്ത്രീയും നാല് കുട്ടികളുമുണ്ട്. ഇവരില്‍ രണ്ട് കുട്ടികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും റൂര്‍ക്കല വെസ്‌റ്റേണ്‍ റേഞ്ച് ഡിഐജി ബ്രിജേഷ് റായ് പറഞ്ഞു. പ്രതികളെ പിടികൂടാനായി സുന്‍ദര്‍ഗഡ് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്.
ഡോഗ് സ്‌ക്വാഡിനെ വിന്യസിക്കുകയും പ്രദേശം പരിശോധിക്കുന്നതിനായി ശാസ്ത്രസാങ്കേതിക സംഘത്തെ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ബസ്സുകളും ട്രെയിനുകളും പരിശോധിക്കാനായി സമീപത്തെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി. സംശയാസ്പദമായ സ്ഥലങ്ങളിലെല്ലാം പോലീസ് തിരച്ചില്‍ നടത്തിവരികയാണ്, ബ്രിജേഷ് റായ് പറഞ്ഞു.

 

murder odisha