എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ വിളമ്പിയ ഓംലറ്റിനുള്ളില്‍ നിന്ന് പാറ്റയെ കിട്ടിയതായി പരാതി. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ മോശം അനുഭവം ഉണ്ടായതെന്ന് യാത്രക്കാരി തന്റെ എക്‌സ് പേജില്‍ കുറിച്ചു. ഒപ്പം ഓംലറ്റിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സെപ്തംബര്‍ 17നാണ് ഇവര്‍ വിമാനത്തില്‍ സഞ്ചരിച്ചത്.
' ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എ ഐ 101 വിമാനത്തില്‍ പോകുകയായിരുന്നു. എനിക്ക് കഴിക്കാന്‍ തന്ന ഓംലറ്റില്‍ പാറ്റയെ കണ്ടെത്തി. എന്റെ രണ്ട് വയസായ മകള്‍ ഇതിന്റെ പകുതിയിലധികം കഴിച്ചിരുന്നു. അതിന് ശേഷമാണ് പാറ്റയെ കണ്ടത്. ഇതിന്റെ ഫലമായി അവള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു', യുവതി എക്‌സ് പേജില്‍ കുറിച്ചു. എയര്‍ ഇന്ത്യയെയും സിവില്‍ വ്യാേമയാന ഡയറക്ടറേറ്റ് ജനറലിനെയും വ്യോമയാന മന്ത്രിയെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ എയര്‍ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. തങ്ങളുടെ ഒരു ഉപഭോക്താവിന് ഉണ്ടായ അനുഭവം ശ്രദ്ധയില്‍പെട്ടെന്നും ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്താന്‍ ബന്ധപ്പെട്ട കാറ്ററിംഗ് സേവന ദാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എയര്‍ ഇന്ത്യ വക്താവ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.