ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് വൻനാശനഷ്ടം.തെഹ്‌രി ഗർവാൾ പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനത്തിൽ റോഡുകളും പാലങ്ങളും തകരുകയും വീടുകളിൽ വെള്ളംകയറുകയും ചെയ്തു. കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഇതോടെ സംസ്ഥാനത്തെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
മേഘവിസ്ഫോടനത്തെ തുടർന്നു ഗംഗയിൽ വെള്ളപ്പൊക്കമുണ്ടായി. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു വിവരം.അതെസമയം ആളുകളെ കാണാതായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഗംഗോത്രിയിൽ ശാരദാ കുടീരവും ശിവാനന്ദാശ്രമവും വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ട്.
ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്. ഡെറാഡൂൺ, പിത്തോഗഡ്, ബാഗേശ്വർ എന്നിവിടങ്ങളിൽ സ്കൂളിന് അവധികൊടുത്തിട്ടുണ്ട്. മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് തുടങ്ങിയ മേഖലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയപാത അടച്ചു. മറ്റൊരുവഴി തുറന്നുകൊടുക്കാടുന്നതിനു ശ്രമങ്ങൾ നടക്കുന്നതേയുള്ളൂ. തമാക് നാലയ്ക്കു സമീപമുണ്ടായ നാശനഷ്ടങ്ങളെ തുടർന്നു ജോഷിമഠ്–നിതി–മലരി ദേശീയപാതയിൽ ഗതാഗത തടസ്സത്തിനു കാരണമായി.