ഡൽഹി : യുപി ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഡൽഹിയിലെത്തി രാജി സന്നദ്ധത അറിയിച്ചു. സംഘടനാ തലത്തിൽ പ്രവർത്തിക്കാമെന്ന് മൗര്യ കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതോടെ കേന്ദ്ര നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തിനിടയിൽ കേശവ് പ്രസാദ് മൗര്യ പങ്കുവച്ച പോസ്റ്റും ഇപ്പോൾ ചർച്ചയാകുകയാണ്.
'സർക്കാരിനേക്കാൾ വലുതാണ് സംഘടന, തൊഴിലാളികളുടെ വേദനയാണ് എൻ്റെ വേദന. സംഘടനയേക്കാൾ വലുതല്ല ആരും, പ്രവർത്തകരാണ് അഭിമാനം,എന്നാണ് കേശവ് മൗര്യയെ ഉദ്ധരിച്ചുള്ള യുപി ഉപമുഖ്യമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മൗര്യയുടെ ഈ പോസ്റ്റ്.
ഉത്തർപ്രദേശിലെ പൊതുതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യോഗി ആദിത്യനാഥും കേശവ് മൗര്യയും തമ്മിൽ ഭിന്നതശക്തമാണ് . മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയാണ് സംസ്ഥാനത്ത് പാർട്ടിയുടെ തോൽവിക്ക് കാരണമായതെന്ന് നിരവധി ബിജെപി നേതാക്കൾ സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.അമിത ആത്മവിശ്വാസം സംസ്ഥാനത്ത് പാർട്ടിയുടെ പ്രതീക്ഷകളെ തകിടം മറിച്ചെന്ന് ജൂൺ 14ന് നടന്ന ബിജെപി പ്രവർത്തക സമിതി യോഗത്തിൽ ആദിത്യനാഥ് പറഞ്ഞിരുന്നു.ഇതും പാർട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചെന്നാണ് സൂചന.
അതെസമയം തർക്കം രൂക്ഷമാകുന്നതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയും ജെപി നദ്ദയും കാണും.ഇന്നലെ ബിജെപി സംസ്ഥാ അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി നരേന്ദ്ര മോദിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.എന്നാൽ രാജിവയ്ക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭുപേന്ദ്ര ചൗധരി പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുപി ബിജെപിയിൽ അതൃപ്തി ശക്തമാണ്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ജെ പി നദ്ദയെ നേരിട്ട് കണ്ട് ഇതിനോടകം പരാതി അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി.
തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ സംവിധാനങ്ങൾ പാർട്ടിക്കെതിരായിരുന്നുവെന്ന വിമർശനവും നേരത്തെ നേതാക്കൾ ഉയർത്തിയിരുന്നു. യോഗിയെ മാറ്റി ഒബിസി വിഭാഗത്തിൽ നിന്നൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടും ചില പാർട്ടി നേതാക്കൾക്കുണ്ട്. കേന്ദ്ര നേതൃത്വം യുപിയിൽ കാര്യമായി ഇടപെടണമെന്ന് ബിജെപി എംഎൽഎമാർ ആവശ്യപ്പെടുന്നതും യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ടാണ്. അമിത് ഷാ വൈകിട്ട് മോദിയെ കണ്ടതും മാറ്റങ്ങളുണ്ടാകുമോ എന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.