കൊൽക്കത്ത: ആര്‍.ജി കാര്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാർഥികള്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റി സിവിക് വൊളന്റിയർ. കൊല്‍ക്കത്ത പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവിക് വൊളന്റിയറായ ഗംഗാസാഗര്‍ ഗോൾഡ് എന്നയാളാണ് പ്രതിഷേധക്കാർക്കിടയിലേക്ക് മോട്ടർ സൈക്കിൾ ഇടിച്ചു കയറ്റിയത്. സംഭവത്തിൽ ഗംഗാസാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊൽക്കത്തയിലെ ബി.ടി റോഡില്‍ പ്രതിഷേധിച്ചുകൊണ്ടിരുന്ന രബീന്ദ്ര ഭാരതി സര്‍വകലാശാലയിലെ വിദ്യാർഥികള്‍ക്ക് നേരെയാണ് മദ്യപിച്ചു കൊണ്ട് ഗംഗാസാഗര്‍ വാഹനം ഇടിച്ചു കയറ്റിയത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ വരികയും ഗംഗാസാഗറിനെ വളയുകയും ചെയ്തു.
പ്രതിഷേധക്കാരോട് ആദ്യം കയർത്ത് സംസാരിച്ച ഗംഗാസാഗ,ർ പിന്നീട് അവരോട് മാപ്പ് പറഞ്ഞു. പ്രതിഷേധക്കാരില്‍ നിന്നും ഗംഗാസാഗറിനെ മാറ്റാൻ ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതോടെ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ ഇന്ന് രാവിലെ വിദ്യാർഥികള്‍ ബി.ടി റോഡ് ഉപരോധിച്ചു. രാവിലെ 9.30 വരെ പ്രതിഷേധം സംഘടിപ്പിച്ചു. ഗംഗാസാഗറിന്റെ അറസ്റ്റിനു ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.ഓഗസ്റ്റ് 9ന് കൊൽക്കത്തയിൽ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മരണത്തിനു പിന്നിലെ പ്രതികളെ കണ്ടെത്താൻ രാജ്യവ്യാപകമായി വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്.