കേന്ദ്ര മന്ത്രാലയങ്ങളിലേക്ക് ലാറ്ററല്‍ എന്‍ട്രി തെറ്റെന്ന് ചിരാഗ് പാസ്വാന്‍

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്ന് മൂന്നാം മോദി സര്‍ക്കാരില്‍ ഭക്ഷ്യസംസ്‌കരണ മന്ത്രി കൂടിയായ ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ പറഞ്ഞു

author-image
Prana
New Update
chirag
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള 45 ഒഴിവുകള്‍ ലാറ്ററല്‍ എന്‍ട്രി വഴി നികത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി എന്‍ഡിഎ സഖ്യകക്ഷി നേതാവായ ചിരാഗ് പാസ്വാന്‍. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്ന് മൂന്നാം മോദി സര്‍ക്കാരില്‍ ഭക്ഷ്യസംസ്‌കരണ മന്ത്രി കൂടിയായ ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ പറഞ്ഞു.

തന്റെ പാര്‍ട്ടി എല്ലായ്‌പ്പോഴും പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണെന്നും സര്‍ക്കാരിന്റെ നീക്കം തികച്ചും തെറ്റാണെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള 45 ഒഴിവുകള്‍ ലാറ്ററല്‍ എന്‍ട്രി വഴി നികത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ദളിതര്‍ക്കും ഒബിസികള്‍ക്കും ആദിവാസികള്‍ക്കുമെതിരായ ആക്രമണമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമന നീക്കമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിക്ക് കീഴിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ സംവരണ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ലാറ്ററല്‍ എന്‍ട്രി വ്യവസ്ഥ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ വകുപ്പുകളിലെ തൊഴില്‍ നിയമനങ്ങള്‍ നികത്തുന്നതിനുപകരം, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 5.1 ലക്ഷം തസ്തികകള്‍ ബിജെപി ഇല്ലാതാക്കിയെന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഓഹരികള്‍ മോദി ഗവണ്‍മെന്റ് സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റഴിച്ചുവെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

Chirag Modi 3.0