ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ നിലവിൽ സുസ്ഥിരമാണെന്ന് ചൈന. കിഴക്കൻ ലഡാക്കിലുണ്ടായ സൈനിക തർക്കം പരിഹരിക്കാൻ ഇരുപക്ഷവും ഫലപ്രദമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ വു ക്വിയാൻ പറഞ്ഞു.അടുത്തിടെ ന്യൂസ് വീക്ക് മാസികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ നയതന്ത്ര-സൈനിക മാർഗങ്ങളിലൂടെ ഫലപ്രദമായ ആശയവിനിമയം നടത്തിയെന്നും, ചർച്ചകളിലൂടെ ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തിൽ മികച്ച പുരോഗതി കൈവരിക്കാൻ സാധിച്ചെന്നും വു ക്വിയാൻ പ്രതികരിച്ചു. തർക്കങ്ങൾ പൂർണമായി പരിഹരിക്കുന്നതിന് വേണ്ടി പരസ്പരം സ്വീകാര്യമായ ഒരു പരിഹാരത്തിൽ എത്രയും വേഗം എത്തിച്ചേരാമെന്ന് ഇരുപക്ഷവും സമ്മതിച്ചതായും വു കൂട്ടിച്ചേർത്തു.
സൈനിക തലത്തിൽ ക്രിയാത്മകമായ ഉഭയകക്ഷി ഇടപെടലുകൾ നടത്തിയാൽ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും തങ്ങളുടെ അതിർത്തികളിൽ സമാധാനം പുന:സ്ഥാപിക്കാനും നിലനിർത്താനും സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
” ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധം പരമപ്രധാനമാണ്. നയതന്ത്ര, സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ഇടപെടലിലൂടെ ഇന്ത്യയ്ക്കും ചൈനയ്ക്കും അതിർത്തികളിൽ സമാധാനം പുനഃസ്ഥാപിക്കാനും നിലനിർത്താനും കഴിയുമെന്ന് പ്രധാനമന്ത്രി മോദി അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധം സുപ്രധാനവുമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധം ഈ രാജ്യങ്ങൾക്ക് മാത്രമല്ല, ആഗോളതലത്തിൽ തന്നെ പ്രധാനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസ്താവന ഇരുരാജ്യങ്ങളുടേയും താത്പര്യങ്ങൾ നിറവേറ്റുന്നു എന്നതിനപ്പുറമായി സമാധാനത്തിനും വികസനത്തിനും വഴിവയ്‌ക്കുന്നതാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗിന്റെ പ്രതികരണം. 2020 മെയ് 5ന് കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. തർക്കം പരിഹരിക്കുന്നതിനായി 20ലധികം തവണ കോർപ്‌സ് കമാൻഡർ തലത്തിലുള്ള ചർച്ചകളും നടത്തിയിരുന്നു.
2020 മെയ് 5 ന് പാംഗോങ് ത്സോ (തടാകം) പ്രദേശത്ത് നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിനെത്തുടർന്ന് കിഴക്കൻ ലഡാക്ക് അതിർത്തി തർക്കം പൊട്ടിപ്പുറപ്പെട്ടതുമുതൽ വ്യാപാരം ഒഴികെയുള്ള ഇന്ത്യ- ചൈന ബന്ധം മരവിച്ചിരിക്കുകയാണ്.കിഴക്കൻ ലഡാക്ക് സംഘർഷം വ്യാപാരം ഒഴികെയുള്ള എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധങ്ങൾ മരവിപ്പിക്കുന്നതിന് കാരണമായി.തർക്കം പരിഹരിക്കുന്നതിനായി ഇരുരാജ്യവും ഇതുവരെ 21 തവണയാണ് സൈനിക തലവന്മാരുടെ തലത്തിലുള്ള ചർച്ചകൾ നടത്തിയത്.