ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റി പട്ടിക പുറത്തിറക്കി ചൈന.വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം ആവർത്തിച്ചുക്കൊണ്ടാണ് സ്ഥലങ്ങൾക്ക് പുതിയ പേരിട്ടുകൊണ്ടുള്ള നാലാമത്തെ പട്ടിക ചൈന പുറത്തിറക്കിയത്. ഇത് നാലാം തവണയാണ് ചൈന ഏകപക്ഷീയമായി സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേര് മാറ്റുന്നത്.ചൈനീസ് ആഭ്യന്തര വകുപ്പിൻറെ വെബ്സൈറ്റിലാണ് സ്ഥലങ്ങളുടെ പുതിയ പേരുകൾ പ്രസിദ്ധീകരിച്ചത്.
മേയ് ഒന്ന് മുതൽ പുതിയ സ്ഥലപ്പേരുകൾ നിലവിൽ വരുമെന്നും,
പുതിയ പേരുകൾ ഈ വർഷാവസാനം ഔദ്യോഗിക ചൈനീസ് ഭൂപടങ്ങളിൽ ഉൾപ്പെടുത്തുമെന്നുമാണ് റിപ്പോർട്ട്.എന്നാൽ ചൈനയുടെ അവകാശവാദങ്ങൾ തള്ളി ഇന്ത്യയും രംഗത്തെത്തി. അരുണാചൽ പ്രദേശ് 'അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്' എന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പിച്ചു പറഞ്ഞു.
ആദ്യമായല്ല ഇന്ത്യൻ പ്രദേശത്തിനുള്ളിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റുന്നത്. ഭരണപരമായ ഡിവിഷനുകൾ സ്ഥാപിക്കുന്നതിനും പേരിടുന്നതിനും ചുമതലപ്പെടുത്തിയ ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയത്തിൻ്റെ തിങ്കളാഴ്ചത്തെ ശ്രമം അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾ അവകാശപ്പെടാനുള്ള ഏറ്റവും പുതിയ ശ്രമമാണ്.'സാങ്നാൻ' എന്നാണ് അരുണാചൽപ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്.അരുണാചൽ പ്രദേശ് തങ്ങളുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിൻറെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശ വാദം.
അരുണാചൽ പ്രദേശിലെ ആറ് സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിക്കൊണ്ട് 2017ലാണ് ചൈന ആദ്യ പട്ടിക പുറത്തിറക്കിയത്.പിന്നീട് 15 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി 2021ലും 11 സ്ഥലങ്ങൾക്ക് പേര് നൽകി 2023ലും പട്ടിക പുറത്തിറക്കിയിരുന്നു. സംസ്ഥാനം രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും 'കണ്ടുപിടിച്ച' പേരുകൾ നൽകുന്നത് ഈ യാഥാർത്ഥ്യത്തെ മാറ്റുന്നില്ലെന്നും ഇന്ത്യ പ്രതികരിച്ചു.
പുതിയ ശ്രമത്തോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു, "ഇന്ന് ഞാൻ നിങ്ങളുടെ വീടിൻ്റെ പേര് മാറ്റിയാൽ അത് എൻ്റേതാകുമോ? അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ സംസ്ഥാനമായിരിക്കും. പേരുകൾ മാറ്റുന്നതിൽ ഒരു ഫലവുമുണ്ടാകില്ല. നമ്മുടെ സൈന്യത്തെ യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നു...," ജയശങ്കറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
മാർച്ച് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശ് സന്ദർശിച്ചിരുന്നു. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം വഷളായി തുടരുന്ന പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ സേല തുരങ്കം മോദി ഉദ്ഘാടനം ചെയ്യുകയും ചെയ്‍തിരുന്നു. ഇതിലെ അതൃപ്തിയാണ് ചൈന നിലവിൽ പ്രകടിപ്പിക്കുന്നത്. ഇതിൻറെ തുടർച്ചയായാണ് അരുണാചലിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി ചൈന പട്ടിക പുറത്തിറക്കിയതെന്നാണ് വിലയിരുത്തൽ.