ന്യൂഡൽഹി: വനിതാ ഡോക്ടർമാരുടെ രാത്രികാല ജോലി മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ പശ്ചിമ ബംഗാൾ സർക്കാരിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ആർ.ജി. കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ സർക്കാർ ആശുപത്രികളിൽ വനിതാ ഡോക്ടർമാർക്ക് രാത്രി ജോലി ഒഴിവാക്കുമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതിനെ വിമർശിച്ച ചീഫ് ജസ്റ്റിസ് അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണെന്നും പറഞ്ഞു.
വനിതകൾക്ക് രാത്രി ജോലി ചെയ്യാൻ പാടില്ലെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക. വനിതാ ഡോക്ടർമാർക്ക് എന്തിനാണ് പരിധി കല്പിക്കുന്നത്. വനിതകൾ ഏത് സമയത്തും ജോലി ചെയ്യാൻ തയ്യാറാണ്, അവർക്ക് ആനുകൂല്യങ്ങളുടെ ആവശ്യമില്ല- ചീഫ് ജസ്റ്റിസ് പറഞ്ഞു.
പൈലറ്റുമാരും സൈനികരുമടക്കമുള്ളവർ രാത്രിയിൽ ജോലി ചെയ്യുന്നുണ്ട്. സർക്കാർ പുറത്തിറക്കിയ ഉത്തരവ് തിരുത്തണം, സർക്കാരിന്റെ ഉത്തരവാദിത്വം സുരക്ഷ ഉറപ്പു വരുത്തലാണ്. രാത്രികാലങ്ങളിൽ ഒരു സ്ത്രീ ജോലി ചെയ്യാൻ പാടില്ലെന്ന് പറയാൻ സർക്കാരിന് സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ആർ.ജി. കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് സംസ്ഥാനത്ത് പ്രതിസന്ധിക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് വനിതാ സുരക്ഷയെന്ന് പറഞ്ഞ് ജോലി സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചത്.