ഫാക്ടറിയിലെ സ്ഫോടനം: മരണം എട്ടായി, 60 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഫാക്ടറിയിൽനിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. കെട്ടിടത്തനുള്ളിൽനിന്ന് മുഴുവൻ ആളുകളേയും ഒഴിപ്പിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല.

author-image
Vishnupriya
New Update
blast

ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്നും

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തതിൽ എട്ട് പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

ഉച്ചയ്ക്ക് 1.30-നായിരുന്നു സ്ഫോടനം. ഫാക്ടറിയിൽനിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. കെട്ടിടത്തനുള്ളിൽനിന്ന് മുഴുവൻ ആളുകളേയും ഒഴിപ്പിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല. ഡ്രോണുകൾ ഉപയോ​ഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്.

 സമീപത്തെ കാർ ഷോറൂമടക്കം മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനലുകൾ അടക്കം തകർന്നു. സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായാണ് റിപ്പോർട്ടുകൾ. സമീപത്തെ ക്ഷേത്രത്തിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി ഭക്തർ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അപകടം. ഇവരെ, സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

ഫാക്ടറിയിൽനിന്ന് എട്ട് പേരെ ഒഴിപ്പിച്ചതായി അപകടസ്ഥലം സന്ദർശിച്ചതിന് ശേഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും അപകടസ്ഥലം സന്ദർ‌ശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

chemical factory explossion