ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചന്ദ്രബാബു നായിഡു; പവൻ കല്യാൺ, നാരാ ലോകേഷ് എന്നിവർ 25 അംഗ മന്ത്രിസഭയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നദ്ദ, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

author-image
Greeshma Rakesh
Updated On
New Update
andra

Chandrababu Naidu Swearing-in Ceremony Live Updates: Andhra CM Naidu and newly inducted minister Pawan Kalyan felicitating Prime Minister Narendra Modi

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ടിഡിപി തലവൻ എൻ ചന്ദ്രബാബു നായിഡു നാലാം തവണയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.വിജയവാഡയിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലാണ് നായിഡു സത്യപ്രതിജ്ഞ ചെയ്തത്. ഉപ മുഖ്യമന്ത്രിയായി പവൻ കല്യാണും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ തന്നെയാണ് പവൻ കല്ല്യാണും സത്യപ്രതിജ്ഞ ചെയ്തത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

ചടങ്ങിൽ ജെഎസ്പി നേതാവ് കൊനിദേല പവൻ കല്യാൺ, ടിഡിപി ദേശീയ ജനറൽ സെക്രട്ടറിയും നായിഡുവിൻ്റെ മകനുമായ എൻ ലോകേഷ് നായിഡു ഉൾപ്പെടെ 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 25 അംഗ മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാരാണുള്ളത്. മറ്റ് വിഭാഗത്തിൽ നിന്ന് 12 അംഗങ്ങൾ, 8 പിന്നാക്കവിഭാഗം, 2 പട്ടികജാതി, ഒരു പട്ടികവർഗം, ഒരു മുസ്ലീം എന്നിങ്ങനെയാണ് മന്ത്രിമാരുടെ എണ്ണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നദ്ദ, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ  എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെത്തിയ അമിത് ഷാ നായിഡുവിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി കണ്ടിരുന്നു.രാഷ്ട്രീയ നേതാക്കളെ കൂടാതെ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ചന്ദ്രബാബു നായിഡുവിൻ്റെ അനന്തരവൻ ജൂനിയർ എൻടിആറും ചടങ്ങിനെത്തി. പവൻ കല്യാണിൻ്റെ ജ്യേഷ്ഠൻ കൂടിയായ മെഗാസ്റ്റാർ ചിരഞ്ജീവി തൻ്റെ മകനും നടനുമായ രാം ചരണിനൊപ്പമാണ് ചടങ്ങിനെത്തിയത്.അതെസമയം രജനികാന്തും മോഹൻ ബാബുവും പവൻ കല്യാണിൻ്റെ അനന്തരവൻ കൂടിയായ അല്ലു അർജുനും ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചു. 

ചന്ദ്രബാബു നായിഡു ഇത് നാലാം തവണയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിൽ, നായിഡു തൻ്റെ തെലുങ്ക് ദേശം പാർട്ടിയെ വൻ വിജയത്തിലേക്കാണ് നയിച്ചത്. 175 നിയമസഭാ സീറ്റുകളിൽ 135 സീറ്റുകൾ നേടി. ടിഡിപിയുടെ സഖ്യകക്ഷികളായ ജനസേനയും ബിജെപിയും യഥാക്രമം 21, 8 സീറ്റുകൾ വീതവും നേടി.

മോഹൻ മാജി ഒഡിഷ മുഖ്യമന്ത്രിയാകും

ആന്ധ്രാപ്രദേശിന് പിന്നാലെ ഒഡീഷയും വൈകിട്ട് നിയുക്ത മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കും. നാല് തവണ എംഎൽഎയായ മോഹൻ മാജിയെ ചൊവ്വാഴ്ചയാണ് ബിജെപി നിയമസഭാ പാർട്ടി നേതാവായി തിരഞ്ഞെടുത്തത് .
52 കാരനായ നേതാവ് സംസ്ഥാനത്തെ ഒരു പ്രമുഖ ആദിവാസി മുഖമാണ്. കനക് വർധൻ സിംഗ് ദിയോയും പ്രവതി പരിദയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടിമാരാകും.

ബുധനാഴ്ച വൈകീട്ട് അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മോദി ഉച്ചയ്ക്ക് 12.45 ന് ഭുവനേശ്വറിലേക്ക് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് 2.30ന് അദ്ദേഹം ഭുവനേശ്വറിലെത്തി വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് പോകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ നിരവധി പ്രമുഖർ പുതിയ ഒഡീഷ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്‌നായിക്കിനെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്. 147 അംഗ അസംബ്ലിയിൽ 78 സീറ്റുകൾ നേടി സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി അദ്ദേഹത്തിൻ്റെ ബിജെഡി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിയതിനെത്തുടർന്ന് പട്നായിക്കിൻ്റെ 24 വർഷത്തെ മുഖ്യമന്ത്രി ഭരണം അവസാനിച്ചു. ബിജെഡിക്ക് 51 സീറ്റുകൾ മാത്രമാണ് നേടാനായത്.

പ്രധാനമന്ത്രി മോദിയെ കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.ജനതാ മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വിവിഐപികൾക്ക് പുറമെ 30,000 ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സത്യപ്രതിജ്ഞാ ചടങ്ങ് കണക്കിലെടുത്ത് ഭുവനേശ്വറിലെ ഓഫീസുകൾ ഉച്ചയ്ക്ക് 1 മണി വരെ അടച്ചിടുമെന്ന് ഒഡീഷ സർക്കാർ അറിയിച്ചു.

 

andhra pradesh Chandrababu Naidu pawan kalyan TDP nara lokesh