ഗാന്ധിനഗര്‍: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനത്തെ തുടര്‍ന്ന് മരണം 20 ആയി. വ്യാഴാഴ്ച മാത്രം അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 37 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. വൈറസ് വാഹകരായ ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിര്‍ദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരമെങ്കിലും കൂടുതല്‍ പേരില്‍ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
1965ല്‍ മഹാരാഷ്ട്രയിലെ ചാന്ദിപുരയില്‍ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. 2003 - 04 കാലഘട്ടങ്ങളില്‍ ഗുജറാത്തിലും ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലുമായി 300ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകാനിടയാക്കിയത് ഈ വൈറസ് ബാധയാണ്. പരത്തുന്നത് കൊതുകളും ഈച്ചകളുമായതിനാല്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങി. പെട്ടെന്നുണ്ടാകുന്ന ഉയര്‍ന്ന പനി, വയറിളക്കം, ഛര്‍ദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇത് തലച്ചോറിനെ ബാധിക്കുന്നതോടെ മരണം സംഭവിക്കുന്നു.
കുട്ടികള്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.