ചാന്ദിപുര വൈറസ് ബാധ; 117 പേര്‍ ചികിത്സയില്‍

ഒന്‍പത് മാസം മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളെയാണു രോഗം പ്രധാനമായും ബാധിക്കുന്നത്.  27 ജില്ലകളിലായാണു രോഗം സ്ഥിരീകരിച്ചത്. ചന്ദിപുര വൈറസ് രോഗം ബാധിച്ച് 35ലധികം പേര്‍ ഇതിനകം മരിച്ചിരുന്നു

author-image
Athira Kalarikkal
New Update
chandipura virus

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ഗാന്ധിനഗര്‍ : ഗുജറാത്തില്‍ ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്നലെ ഉച്ചവരെ 117 പേരാണ് ചികില്‍സയിലുണ്ടായിരുന്നത്. മിക്കവരും 8നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇതില്‍ 22 കുട്ടികള്‍ക്ക് ചാന്ദിപുര വൈറസെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഗുജറാത്തില്‍ ഇതുവരെ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മരിച്ചത്. ഒന്‍പത് മാസം മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളെയാണു രോഗം പ്രധാനമായും ബാധിക്കുന്നത്. 
27 ജില്ലകളിലായാണു രോഗം സ്ഥിരീകരിച്ചത്. ചന്ദിപുര വൈറസ് രോഗം ബാധിച്ച് 35ലധികം പേര്‍ ഇതിനകം മരിച്ചിരുന്നു. അഹമ്മദാബാദ്, ബനസ്‌കന്ത, സുരേന്ദ്രനഗര്‍, ഗാന്ധിനഗര്‍, ഖേദ, മെഹ്സാന, നര്‍മദ, വഡോദര, രാജ്‌കോട്ട് എന്നീ ജില്ലകളിലായാണു പുതിയ രോഗബാധിതര്‍ ഉള്ളത്. പുണെയിലെ വൈറോളജി ലാബിലാണ് രോഗം സ്ഥിരീകരിച്ചത്. 

പ്രത്യേക രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ സാംപിളുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ജൂലൈ ഒന്നിനാണു സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്.  അണുവാഹകരായ സാന്‍ഡ് ഫ്‌ലൈ കടിക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നതെന്നാണു നിഗമനം. ചന്ദിപുര വെസിക്കുലോവൈറസ് (സിഎച്ച്പിവി) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആര്‍എന്‍എ വൈറസ്, പേവിഷബാധയുണ്ടാക്കുന്ന റാബിസ് വൈറസിന്റെ കുടുംബമായ റാബ്ഡോവിറിഡയില്‍ ഉള്‍പ്പെടുന്നതാണ്. മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തില്‍ 1965ലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാനില്‍ നിന്നും മഹാരാഷ്ട്രയില്‍നിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തില്‍ ചികിത്സ തേടിയിരുന്നു. ശക്തമായ പനി, മസ്തിഷ്‌കജ്വരം (അക്യൂട്ട് എന്‍സെഫലൈറ്റിസ്) എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങള്‍. കൊതുകുകള്‍, ഈച്ചകള്‍ തുടങ്ങിയവയാണു രോഗം പരത്തുന്നത്.

 

Chandipura virus