നീറ്റ് യുജി പരീക്ഷ റദ്ദാക്കരുതെന്നാവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പരീക്ഷ റദ്ദാക്കുന്നത് ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.നീറ്റ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് നിരവധി ഹരജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ഇതില്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിനും എന്‍ടിഎയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനാണ് കേന്ദ്രം ഇപ്പോള്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ല. പരീക്ഷയില്‍ വലിയ തോതില്‍ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടു എന്നതിന് തെളിവുകള്‍ ലഭിക്കാത്ത പശ്ചാത്തലത്തില്‍ നീറ്റ് യുജി പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തരുത്. ഇത് യുക്തിസഹമായ തീരുമാനമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യമൊട്ടാകെ പ്രതിഷേധം നടന്നിരുന്നു. അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്.