ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യഭയിൽ.ഉരുൾപൊട്ടൽ ,മണ്ണിടിച്ചിൽ,പ്രളയ സാധ്യതയെക്കുറിച്ച് കേരള സർക്കാരിന് ജൂലൈ 23ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.ചൊവ്വാഴ്ച വയനാട്ടിലെ മുണ്ടാക്കൈ,ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.
വയനാട്ടിൽ ഉരുൾപൊട്ടലിന് ഒരാഴ്ച മുമ്പ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അവകാശപ്പെട്ട അമിത് ഷാ, തെക്കൻ സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടർന്ന് ഒമ്പത് എൻഡിആർഎഫ് സംഘത്തെ കേരളത്തിലേക്ക് അയച്ചതായും കൂട്ടിച്ചേർത്തു. എന്നാൽ കേരള സർക്കാർ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലെന്നും അമിത് ഷാ രാജ്യസഭയിൽ കുറ്റപ്പെടുത്തി.
എൻഡിആർഎഫ് സംഘങ്ങളുടെ വരവിനെ തുടർന്ന് കേരള സർക്കാർ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ വയനാട്ടിലെ ഉരുൾപൊട്ടലിലെ മരണങ്ങൾ കുറയ്ക്കാമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാൻ കഴിയുന്ന നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, വയനാട്ടിലെ സ്ഥിതി ചർച്ച ചെയ്യാൻ അമിത് ഷാ യോഗം വിളിച്ചു. ലോക്സഭയിലെ ചർച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തിൽ പങ്കെടുക്കും.വയനാട് ദുരന്തത്തെ നേരിടാൻ നരേന്ദ്ര മോദി സർക്കാർ കേരള സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കുകയാണെന്നും നഅമിത് ഷാ പാർലമെന്റിൽ വ്യക്തമാക്കി.