ചെന്നൈ: സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ ഔദ്യോഗിക രേഖകളിൽ പേരും ലിംഗവും മാറ്റാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ഇന്ത്യൻ റവന്യൂ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥയായ എം അനുസൂയ തന്റെ പേര് എം അനുകതിർ സൂര്യ എന്നും ലിംഗം പുരുഷൻ എന്നും മാറ്റാനായി നൽകിയ അപേക്ഷ അംഗീകരിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. രാജ്യത്തെ സിവിൽ സർവീസ് ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു ഉത്തരവ്.
അനുസൂയയുടെ അപേക്ഷ അംഗീകരിച്ചതായും ഇനി എല്ലാ ഔദ്യോഗിക രേഖകളിലും പേര് മിസ്. അനുസൂയ എന്ന സ്ഥാനത്ത് മിസ്റ്റർ എം.അനുകതിർ സൂര്യ എന്നായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഹൈദരാബാദ് കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (സെസ്റ്റാറ്റ്) ചീഫ് കമ്മീഷണറുടെ ഓഫീസിൽ ജോയിന്റ് കമ്മീഷണറാണ് എം അനുകതിർ.
2013 ബാച്ച് കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സ് ഓഫീസറായ അനുകതിർ ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈബർ ലോയിലും സൈബർ ഫോറൻസിക്‌സിലും പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. നേരത്തെ ചെന്നൈയിൽ വിമാനത്താവളത്തിലും തുറമുഖത്തും ഏകദേശം 10 വർഷത്തോളം നീണ്ട സേവനം അനുഷ്ഠിച്ചിട്ടുണ്ട്.