മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: പൊലീസിന് ​ഗുരുതര വീഴ്ച സംഭവിച്ചതായി സിബിഐ കുറ്റപത്രം

ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ നേരത്തെ തന്നെ വകുപ്പുതല നടപടി സ്വീകരിച്ചതായി മണിപ്പൂർ ഡിജിപി രാജീവ് സിംഗ് അറിയിച്ചു.എന്നാൽ ഇവർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടില്ല. കേസ് അന്വേഷിക്കുന്നത് സിബിഐ ആണെന്നായിരുന്നു ഡിജിപിയുടെ മറുപടി.

author-image
Greeshma Rakesh
New Update
manipur

Members of the Indigenous Tribal Leaders’ Forum take part in a protest in Churachandpur district

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിനിടെ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചാതായി സിബിഐ.സഹായം തേടി പൊലീസ് വാഹനത്തിനടുത്ത് എത്തിയ ഇരകളെ വണ്ടിയുടെ താക്കോൽ ഇല്ലെന്ന് പറഞ്ഞ് പൊലീസ് സഹായിച്ചില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.സംഭവത്തിൽ ആരോപണ വിധേയരായ മുഴുവൻ പൊലീസുകാർക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മണിപ്പൂർ ഡിജിപിയുടെ വിശദീകരണം.

കലാപത്തിനിടെ ചുരാചന്ദ്പൂർ ജില്ലയിൽ കഴിഞ്ഞ മെയ് മാസത്തിൽ 2 കുംകി സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വ്യാപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.രാജ്യ വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയ കേസിൽ പ്രായ പൂർത്തിയാകാത്ത ഒരാളടക്കം ഏഴ് പേരെ പ്രതികളാക്കി 2023 ഒക്ടോബറിൽ തന്നെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിലാണ് മണിപ്പൂർ പൊലീസിനെതിരായ ഗുരുതര വീഴ്ച തുറന്നുകാട്ടിയിരിക്കുന്നത്.

കലാപകാരികൾ പിടികൂടി നഗ്‌നരാക്കും മുൻപ് ഇരുപതും നാൽപതും വയസുള്ള ഈ രണ്ട് സ്ത്രീകളും ഒരു പുരുഷനും സഹായം തേടി മെയിൻ റോഡിന് സമീപത്ത് നിർത്തിയിട്ട പൊലീസ് വാഹനത്തിൽ ഓടിക്കയറിയിരുന്നു.വാഹനത്തിന് അകത്തും പുറത്തുമായി ഏഴ് പൊലീസുകാർ ഉണ്ടായിരുന്നു.

വണ്ടി സ്റ്റാർട്ട് ചെയ്യാൻ സ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്നയാൾ പല തവണ അപേക്ഷിച്ചെങ്കിലും താക്കോൽ ഇല്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പിന്നീട് ഇതേവാഹനം തന്നെ ഓടിച്ച് ആയിരത്തോളം കലാപകാരികളുടെ അടുത്ത് നിർത്തി പൊലീസുകാർ കടന്നു കളഞ്ഞു. തുടർന്നാണ് സ്ത്രീകളെ പിടികൂടി വിവസ്ത്രരാക്കി നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

മെയ്‌തെയ് ആക്രമണത്തെ തുടർന്ന് ഇരയാക്കപ്പെട്ട ഈ സ്ത്രീകൾ ഉൾപ്പെടെ എട്ടോളം പേർ ഗ്രാമത്തിൽ നിന്ന് ഓടി കാട്ടിനുള്ളിൽ ഒളിച്ചു. അവിടെ നിന്നാണ് കലാപകാരികൾ ഇവരെ പിടികൂടി മെയിൻ റോഡിന് സമീപത്തേക്ക് കൊണ്ടുവന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ നേരത്തെ തന്നെ വകുപ്പുതല നടപടി സ്വീകരിച്ചതായി മണിപ്പൂർ ഡിജിപി രാജീവ് സിംഗ് അറിയിച്ചു.എന്നാൽ ഇവർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടില്ല. കേസ് അന്വേഷിക്കുന്നത് സിബിഐ ആണെന്നായിരുന്നു ഡിജിപിയുടെ മറുപടി.


cbi manipur violance manipur riots Manipur Police