ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ.കവിതയെ സി.ബി.ഐ. അറസ്റ്റു ചെയ്തു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. ഇഡിയുടെ ജുഡീഷ്യൽ കസ്റ്റഡിൽ തിഹാറിൽ കഴിയുന്ന ഇവരെ കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു.
‘‘ഞാൻ ഇരയാണ്. എൻറെ വ്യക്തിപരവും രാഷ്ട്രീയപരവുമായ അന്തസ്സിനെയാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നത്. എൻറെ മൊബൈൽ ഫോൺ ചാനലുകളിൽ കാണിക്കുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ’’എന്ന കവിത കോടതി മുൻപാകെ നൽകിയ കത്തിൽ പറയുന്നു.
മാർച്ച് 15നാണ് ബിആർഎസ് നേതാവ് കെ.കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റുചെയ്യുന്നത്. ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും, പകരമായി നേതാക്കൾക്കു 100 കോടി രൂപ കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.