മണിപ്പൂർ :നവംബർ 16 ന് നിയമസഭാംഗത്തിന്റെ വസതി ആക്രമിച്ചു ജനക്കൂട്ടം 18 ലക്ഷം രൂപയും ഒന്നരക്കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും കൊള്ളയടിച്ചെന്നാരോപിച്ച് മണിപ്പൂരിലെ ജെഡിയു എംഎൽഎ കെ ജോയ്‌കിഷൻ സിംഗിന്റെ അമ്മ പോലീസിൽ പരാതിനൽകി.
പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ജനക്കൂട്ടം വസതിക്കുനേരെ ആക്രമണം നടത്തുമ്പോൾ എംഎൽഎ സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുവിന്റെ ചികിത്സയ്ക്കായി ഡൽഹിയിൽ ആയിരുന്നു.ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കായി താങ്മൈബന്ദ് ഏരിയയിലെ എംഎൽഎയുടെ വസതിയിൽ സൂക്ഷിച്ചിരുന്ന നിരവധി വസ്തുക്കളും ആക്രമണത്തിൽ നശിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായിട്ടുള്ള നിരവധി സാധനങ്ങൾ അവിടെ സൂക്ഷിച്ചിട്ടുണ്ടെന്നും എംഎൽഎയുടെ വസതി തകർക്കരുതെന്നും ഞങ്ങൾ ജനക്കൂട്ടത്തോടെ അപേക്ഷിച്ചിട്ടും അവർ കേട്ടില്ലെന്നു ക്യാംപിനു നേതൃത്വം വഹിക്കുന്ന സന്നദ്ധ പ്രവർത്തകർ പറയുന്നു.
കഴിഞ്ഞ മെയ് മാസം മുതൽ മണിപ്പുരിൽ വംശീയ ആക്രമണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് .താഴ്‌വര ആസ്ഥാനമായുള്ള മെയ്തീസും കുന്നുകൾ കേന്ദ്രീകരിച്ചുള്ള കുക്കി ഗ്രൂപ്പുകൾക്കുമിടയിൽ ഉണ്ടായ ആക്രമണത്തിൽ ഇതുവരെ 220 -ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭാവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.