കര്‍ണാടകയില്‍ മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ബി ജെ പി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും കര്‍ണാടക ബി ജെ പി അധ്യക്ഷന്‍ വിജയേന്ദ്രയ്ക്കും ഐ ടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും എതിരെ പോലീസ് കേസെടുത്തു.പാര്‍ട്ടിയുടെ എക്സ് ഹാന്‍ഡിലില്‍ പങ്കുവച്ച വീഡിയെ മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വീഡിയോയ്ക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കര്‍ണാടക ബി ജെ പിയുടെ എക്സ് ഹാന്‍ഡിലില്‍ വന്ന വീഡിയോ അമിത് മാളവ്യ തന്റെ സ്വന്തം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.മുസ്ലീം വിഭാഗത്തിന് വീണ്ടും വീണ്ടും ആനുകൂല്യം നല്‍കുമ്പോള്‍ എസ് സി, എസ് ടി, ഒ ബി സി വിഭാഗത്തെ തഴയുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ വീഡിയോ ആണ് ഷെയര്‍ ചെയ്തത്.