പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ബിജെപി നേതാവും ബോളിവുഡ് നടനും ദാദാ സാഹബ് പുരസ്‌കാര ജേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ബിധാനഗര്‍ പോലീസാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ ഇസെഡ്‌സിസിയില്‍ ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാണ് കേസിനാധാരം. ഒക്ടോബര്‍ 27ന് നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗം.
'ഞങ്ങളുടെ കൊമ്പില്‍ നിന്ന് ഒരു പഴം പറിച്ചാല്‍ ഞങ്ങള്‍ നാലെണ്ണം പറിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ സിനിമ സ്‌റ്റൈല്‍ ഡയലോഗ്. 2026ല്‍ പശ്ചിമ ബംഗാളിന്റെ സിംഹാസനം തങ്ങളുടെ കൈയിലെത്തുമെന്നും അത് നേടിയെടുക്കാന്‍ എല്ലാ വഴിയും സ്വീകരിക്കുമെന്നും അദ്ദെഹം പറഞ്ഞിരുന്നു.
മിഥുന്റെ വാക്കുകള്‍ ക്രമസമാധാനപാലനത്തെ ബാധിക്കുന്ന തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കൗശിക് ഷാഹ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. രാജ്യത്തെ ഏറ്റവും മികച്ച സിനിമ നടനുള്ള ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചതിന് തൊട്ടുിപിന്നാലെയായിരുന്നു വിവാദ പരാമര്‍ശം.
പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മിഥുന്‍ ചക്രവര്‍ത്തിക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് അയക്കുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ മിഥുന്‍ ചക്രവര്‍ത്തിയില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല.