ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടിയെ (എഎപി) കൂടി പ്രതിയാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡല്‍ഹി ഹൈക്കോടതിയില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.
സിസോദിയയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയ്ക്ക് മുമ്പാകെയാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ സമര്‍പ്പിക്കാനിരിക്കുന്ന അടുത്ത കുറ്റപത്രത്തില്‍ എഎപിയെ കൂട്ടുപ്രതിയാക്കാന്‍ പോകുകയാണെന്ന് ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കേസില്‍ കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികളുടെ നേതൃത്വത്തില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായി ഇഡി അഭിഭാഷകന്‍ കുറ്റപ്പെടുത്തി. എന്നാല്‍, കേസില്‍ ഇഡിയും സിബിഐയും ഇപ്പോഴും ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അതിനാല്‍ വിചാരണ നേരത്തെ അവസാനിപ്പിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും സിസോദിയയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷയില്‍ വാദിച്ചു.