ലഖ്നൗ: തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വിജയിച്ചാൽ പാകിസ്താനിൽ പടക്കം പൊട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ബിജെപിക്ക് വോട്ടുബാങ്കിൽ ഭയമില്ലെന്ന് പറഞ്ഞ അമിത് ഷാ പ്രതിപക്ഷപാർട്ടികൾ അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തിന് ബാബറി പൂട്ട് ഇടുമെന്നും കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി റായ്ബറേലിയിൽ പരാജയപ്പെടുമെന്നും അതിനു ശേഷം ഇറ്റലിയിൽ സ്ഥിരതാമസമാക്കണമെന്നും അമിത് ഷാ പരിഹസിച്ചു.പാകിസ്താന്റെ അജണ്ടകളാണ് രാഹുൽ മുന്നോട്ടുവെക്കുന്നതെന്നും വോട്ടുബാങ്കിനെ ഭയന്നാണ് പ്രതിപക്ഷനേതാക്കൾ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നു അദ്ദേഹം പറഞ്ഞു.
അതെസമയം പൗരത്വ ഭേദഗതി നിയമം (സിഎഎ) മുസ്‍ലിംകൾക്ക് എതിരല്ലെന്ന് അമിത് ഷാ വീണ്ടും ആവർത്തിച്ചു. ഒരു പൗരൻ്റെയും അവകാശങ്ങൾ തിരിച്ചെടുക്കാനുള്ള വ്യവസ്ഥയില്ലാത്തതിനാൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് അമിത് ഷാ പറഞ്ഞു.അതെസമയം സിഎഎ പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച അമിത് ഷാ ഉയിർത്തെഴുന്നേറ്റ് വന്നാലും ഇന്ദിരാ ഗാന്ധിക്ക് പോലും അതിന് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.ഉത്തർപ്രദേശിലെ ലക്കിംപൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാഹുൽ ഗാന്ധിയുടെ നാനിക്ക് (ഇന്ദിരാ ഗാന്ധി) പോലും, അവർ ഉയിർത്തെഴുന്നേറ്റ് വന്നാൽ, സിഎഎ റദ്ദാക്കാനാവില്ല. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും എത്തിയ ന്യൂനപക്ഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പൗരത്വം നൽകുക തന്നെ ചെയ്യും. '-തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാ പറഞ്ഞു.
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെയുള്ള അമുസ്‌ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം മാർച്ചിലാണ് ബിജെപി സർക്കാർ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ മുസ്ലിം ഇതര മതവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് നിയമം. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.