മംഗളൂരു: മംഗളൂരുവിൽ കാണാതായ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി.ഇന്ന പുലർച്ചെ കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഷിരൂർ ദുരന്തത്തിൽ മരിച്ച അർജുന് വേണ്ടിയടക്കം തിരച്ചിലിൽ പങ്കെടുത്ത മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുൾപ്പെടെ അടങ്ങുന്ന സംഘമാണ് മുതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ മുതലാണ് മുംതാസ് അലിയെ കാണാതായത്.അതേസമയം, മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
മുംതാസ് അലിക്ക് വേണ്ടിയുള്ള തെരച്ചിൽ കുലൂർ പുഴയിൽ നടത്തിയിരുന്നു. പുഴക്കരയിൽ മുൻവശം തകർന്ന നിലയിൽ കണ്ടെത്തിയ മുംതാസ് അലിയുടെ ബിഎംഡബ്ലിയു കാറിൽ പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുലൂർ പാലത്തിന് മുകളിൽ നിന്ന് മുംതാസ് അലി താഴേക്ക് ചാടി എന്ന നിഗമനത്തിലായിരുന്നു പൊലിസ്.
മംഗളൂരു നോർത്തിലെ മുൻ കോൺഗ്രസ് എംഎൽഎയും ഇപ്പോൾ ജെഡിഎസ് അംഗവുമായ ബിഎം മൂഹിയിദ്ദീൻ ബാവയുടെ സഹോദരനാണ് പ്രമുഖ വ്യവസായിയായ ബിഎം മുംതാസ് അലി. മംഗളൂരുവിലെ കാട്ടിപ്പള്ളയിലുള്ള മിസ്ബാ വിമൻസ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ മുംതാസ് അലിക്ക് മത്സ്യക്കയറ്റുമതി ബിസിനസ്സും ഉണ്ട്. മംഗളൂരുവിലെ മലയാളി സമൂഹവുമായും കാന്തപുരം എപി സുന്നി വിഭാഗവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുംതാസ് അലി.
ഇന്നലെ പുലർച്ചെ 3 മണിയോടെ വീട്ടിൽ നിന്ന് കാർ എടുത്ത് ഇറങ്ങിയ മുംതാസ് അലി പുലർച്ചെ 5 മണിയോടെ കൂലൂർ പാലത്തിന് മുകളിൽ കാർ പാർക്ക് ചെയ്തത് കണ്ടവർ ഉണ്ട്. പിന്നീട് മകളുടെ ഫോണിലേക്ക് താൻ തിരിച്ചുവരില്ല എന്നൊരു മെസ്സേജ് അയച്ചു. ഇത് കണ്ടതോടെയാണ് മകൾ മുംതാസ് അലിയെ അന്വേഷിച്ച് ഇറങ്ങിയത്. മുൻ വശത്ത് ഇടിച്ചു തകർന്ന നിലയിൽ മുംതാസ് അലിയുടെ കാർ പുഴയുടെ ഒരു വശത്ത് കണ്ടെത്തിയ മകൾ ആണ് വിവരം പൊലീസിനെ അറിയിച്ചത്.