ചെന്നൈ വിമാനത്താവളത്തില്‍ 40 വെടിയുണ്ടകളുമായി നടന്‍ പിടിയിലായി. നടനും മുന്‍ എം.എല്‍.എയുമായ കരുണാസിന്റെ പക്കല്‍നിന്നാണ് 40 വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ ചെന്നൈയില്‍ നിന്ന് തിരുച്ചിയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനായി എത്തിയപ്പോഴാണ് സംഭവം.
സുരക്ഷ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. കരുണാസിന്റെ സ്യൂട്ട്‌ക്കേസ് സ്‌കാന്‍ പരിശോധനക്ക് വിധേയമാക്കുന്നതിനിടെ അലാറമടിച്ചു. തുടര്‍ന്നാണ് ബാഗില്‍നിന്ന് 40 വെടിയുണ്ടകള്‍ കണ്ടെടുത്തത്. തനിക്ക് തോക്ക് ലൈസന്‍സുണ്ടെന്നതിന്റെ രേഖകള്‍ കരുണാസ് സമര്‍പിച്ചെങ്കിലും ഇദ്ദേഹത്തിന്റെ വിമാനയാത്ര സുരക്ഷ ഉദ്യോഗസ്ഥര്‍ റദ്ദാക്കി.
മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തോക്ക് ഡിണ്ടിഗല്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചെങ്കിലും വെടിയുണ്ടകള്‍ അബദ്ധത്തില്‍ ബാഗില്‍ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇദ്ദേഹത്തെ വിമാനത്താവള അധികൃതര്‍ വിട്ടയച്ചു.