സൂറത്ത്: ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്നുവീണു. ടെക്‌സ്റ്റൈൽ തൊഴിലാളികൾ കുടുംബവുമായി താമസിക്കുന്ന കെട്ടിടമാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. പാലിഗ്രാമിലെ ഡി.എൻ. നഗർ സൊസൈറ്റിയിലെ കെട്ടിടമാണ് തകർന്നത്. വിവരമറിഞ്ഞ് ഉടൻ എത്തിയ അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സ്ഥലം എം.എൽ.എ. സന്ദീപ് ദേശായി, സൂറത്ത് പോലീസ് കമ്മിഷണർ അനുപം സിങ് ഗെഹലോട്ട്, ജില്ലാ കളക്ടർ ഡോ. സൗരഭ് പ്രധി എന്നിവർ സംഭവ സ്ഥലത്തെത്തി.
ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും ഉൾപ്പെടെ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കിയാണ് തിരച്ചിൽ നടത്തുന്നത്. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇനിയും വ്യക്തമല്ലെന്ന് എം.എൽ.എയും ജില്ലാ കളക്ടറും പറഞ്ഞു. ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചാണ് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നത്.
രാത്രി ടെക്‌സ്റ്റൈൽ ഡ്യൂട്ടി കഴിഞ്ഞ് എത്തി ഉറങ്ങുന്ന തൊഴിലാളികൾ ഉൾപ്പെടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളും സ്ഥലത്തുണ്ട്.