2024ലെ കേന്ദ്ര ബജറ്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പരമ്പരാഗത 'ഹല്‍വ' ചടങ്ങ് നടന്നു. ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിലുള്ള കേന്ദ്ര ധനമന്ത്രാലയ ആസ്ഥാനത്തായിരുന്നു ചടങ്ങ്. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഹല്‍വ തയാറാക്കിയ കൂറ്റന്‍ ലോഹചട്ടിയിലെ ഹല്‍വ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. സംസ്ഥാന സഹമന്ത്രി പങ്കജ് ചൗധരി, ബജറ്റ് തയ്യാറാക്കല്‍, സമാഹരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ബജറ്റിന്റെ 'ലോക്ക്-ഇന്‍' പ്രക്രിയ ആരംഭിക്കുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് നടക്കുന്ന ഒരു പരമ്പരാഗത പരിപാടിയാണിത്. ധനമന്ത്രാലയത്തിന്റെ അടുക്കളയിലാണ് ഹല്‍വ തയ്യാറാക്കുന്നത്.ചടങ്ങനുസരിച്ച് ബജറ്റ് നിര്‍മ്മാണ പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ട എല്ലാവര്‍ക്കും മധുരപലഹാരം വിളമ്പും. പതിറ്റാണ്ടുകളായി പിന്തുടരുന്ന ആചാരമാണിത്. പ്രധാനപ്പെട്ട എന്തെങ്കിലും ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് മധുരമുള്ള എന്തെങ്കിലും കഴിക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണിത്. ബജറ്റ് തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും പ്രയത്നങ്ങളെ അംഗീകരിക്കാനുള്ള ഒന്നുകൂടിയാണിത്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ ധനമന്ത്രാലയത്തില്‍ തുടരേണ്ടതുമുണ്ട്. വരാനിരിക്കുന്ന ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ചോരാതിരിക്കാനുമാണിത്. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമാണ് ബജറ്റ് അച്ചടിക്കുന്നത്.