കശ്മീരില്‍ കൂടുതല്‍ ബിഎസ്എഫ് ജവാന്മാരെ നിയമിക്കും

പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക. 

author-image
anumol ps
New Update
army

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്ക് അതിര്‍ത്തി രക്ഷാ സേന(ബിഎസ്എഫ്)യുടെ കൂടുതല്‍ ബറ്റാലിയനുകളെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക. 

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യവും പാക്ക് സായുധ സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പാക്കിസ്ഥാന്‍ സൈന്യവും ഭീകരരും ഉള്‍പ്പെടുന്ന ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആദ്യം വെടിയുതിര്‍ത്തത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. കാര്‍ഗിലിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. 

പാക്കിസ്ഥാന്‍ സൈന്യത്തിലെ എസ്എസ്ജി കമാന്‍ഡോസ് അടക്കം ഭീകരര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് സൂചന. കൊല്ലപ്പെട്ട ഭീകരന്‍ പാക് പൗരനാണ്. ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ കുപ്വാരയില്‍ ഇത് രണ്ടാം തവണയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. കാര്‍ഗില്‍ വിജയാഘോഷങ്ങള്‍ക്ക് തൊട്ടു പിന്നാലെയുണ്ടായ പാക് പ്രകോപനത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെയും ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു. പാക് നീക്കങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാനാണ് യോഗത്തില് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കരസേന മേധാവി കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.





jammu kashmir BSF