ഹൈദരാബാദ്: രേവന്ത് റെഡ്ഡി തെലങ്കാനയിൽ സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റിന് മുമ്പ് 12 ബി.ആർ.എസ്. എം.എൽ.എമാർ കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ട്. ജൂലായ് രണ്ടാംവാരം നടക്കാനിരിക്കുന്ന ബജറ്റിന് മുമ്പ് എം.എൽ.എമാരെ എത്തിക്കാനാണ് നീക്കം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് ബി.ആർ.എസ്. എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയക്കുന്ന ഒരു മുൻമന്ത്രിയുടെ നേതൃത്വത്തിലുള്ള ഏതാനും ബി.ആർ.എസ്. എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് വിവരമുണ്ടെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് തങ്ങൾ ഓപ്പറേഷൻ ആകർഷ് സജീവമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേവന്ത് റെഡ്ഡിയുമായി അടുത്ത ബന്ധമുള്ള ഒരു നേതാവാണ് ബി.ആർ.എസ്. എം.എൽ.എമാരെ ചാടിക്കാനുള്ള നീക്കങ്ങൾ നടത്തിന്നത്. കരിംനഗർ, നിസാമാബാദ് എന്നിവിടങ്ങളിൽനിന്നുള്ള എം.എൽ.എമാർ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞു.
ഹൈക്കമാൻഡ് അനുമതി ലഭിച്ചാൽ കരിംനഗറിൽനിന്നുള്ള എം.എൽ.എയ്ക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യവും പരിഗണിച്ചേക്കും. നിസാമാബാദിൽനിന്നുള്ള എം.എൽ.എ. മകനുവേണ്ടിയാണ് സ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്.