ബിഹാറിൽ നിർമ്മാണത്തിലിരുന്ന പാലം മൂന്നാം തവണയും തകർന്നു. ഗംഗാനദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന സുൽത്താൻഗഞ്ജ്-അഗുവാനി പാലത്തിന്റെ ഭാഗമാണ് തകർന്നുവീണത്. 1710 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന പാലത്തിന് 3.16 കിലോമീറ്റർ നീളമുണ്ട്. ഒൻപത് വർഷത്തിനിടെ മൂന്നാം തവണയാണ് പാലം തകരുന്നത്.
എസ്‌കെ സിംഗ്ല കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് പാലത്തിന്റെ നിർമ്മാണ കരാർ എടുത്തിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. പാലം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഭഗൽപൂർ ജില്ലയിലെ സുൽത്താൻഗഞ്ജിനെയും ഖഗരിയ ജില്ലയിലെ അഗുനിഘട്ടിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. പാലത്തിന്റെ ഒൻപത്-പത്ത് തൂണുകൾക്കിടയിലെ ഭാഗമാണ് തകർന്നുവീണത്. നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ നിറുത്തിവച്ചിരുന്നു.