ഇന്ത്യയിൽ കൈക്കൂലി,അമേരിയ്ക്കയിൽ കേസ്; അദാനി വീണു

ഇന്ത്യയിലെ രണ്ടാമത്തെ ധനികനാണ് ഗുജറാത്തില്‍ നിന്നുള്ള 62 കാരനായ വ്യവസായി ഗൗതം അദാനി. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളും വിമാനത്താവളങ്ങളും നിയന്ത്രിക്കുന്നത് ഗൗതം അദാനിയാണ്.റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ബിസിനസുകളിലും ഗൗതം അദാനി സജീവമാണ്.

author-image
Rajesh T L
New Update
bribery

ഇന്ത്യയിലെ രണ്ടാമത്തെ ധനികനാണ് ഗുജറാത്തില്‍ നിന്നുള്ള 62 കാരനായ വ്യവസായി ഗൗതം അദാനി.ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളും വിമാനത്താവളങ്ങളും നിയന്ത്രിക്കുന്നത് ഗൗതം അദാനിയാണ്.റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ബിസിനസുകളിലും ഗൗതം അദാനി സജീവമാണ്. 

ചുരുങ്ങിയ കാലത്തിനുള്ളില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് അദാനി ഗ്രൂപ്പിനുണ്ടായത്. ഏറ്റവും കൂടുതല്‍  വിവാദങ്ങളില്‍പ്പെട്ട  വ്യവസായിയെന്ന ഖ്യാതിയും അദാനിക്ക് തന്നെ.

1978-ല്‍ ബോംബെയിലാണ് അദാനിയുടെ ബിസിനസ്സ് കരിയറിന്റെ തുടക്കം. 16-ാം വയസ്സില്‍ പഠനമുപേക്ഷിച്ചാണ് അദ്ദേഹം വജ്ര വ്യവസായത്തിലേക്ക് ചുവടുവച്ചത്. പിന്നീട് 1979-ല്‍ സ്വന്ത്രമായി വജ്രവ്യാപാരം ചെയ്തു. അതേ വര്‍ഷം തന്നെ സഹോദരന്‍ മഹാസുഖ്ഭായി നടത്തുന്ന ഒരു പ്ലാസ്റ്റിക് ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനായി ഗുജറാത്തിലേക്ക് മടങ്ങുകയും അതിന്റെ പ്രവര്‍ത്തങ്ങളില്‍  സഹായിക്കുകയും ചെയ്തു. 

ഇതിനു പിന്നാലെ  1988-ല്‍ ഉല്‍പന്ന വ്യാപാരത്തിലേക്ക് ഇറങ്ങി. 1994 ല്‍  കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തു. അതാണ് ഇന്ന് നമ്മള്‍ കാണുന്ന അദാനി എന്റര്‍പ്രൈസസ് എന്ന ബിസിനസ് സാമ്രാജ്യം.അദാനിയുടെ വ്യവസായ സാമ്രാജ്യം ഇപ്പോള്‍ ആടിയുലഞ്ഞുനില്‍ക്കുകയാണ്.

സൗരോര്‍ജ കരാറുകള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ യുഎസ് കോടതി കുറ്റം ചുമത്തിയിരിക്കുകയാണ്.തമിഴ്‌നാട്, ആന്ധ്ര തുടങ്ങി നാല് സംസ്ഥാനങ്ങളുടെ പേരുകള്‍ അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വൈദ്യുതി വിതരണ കമ്പനികളുമായി കരാറുണ്ടാക്കാന്‍ ആന്ധ്രയിലെ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക വകമാറ്റി ചെലവഴിച്ചതായാണ്  പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. 

യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ അദാനിയുടെ ഓഹരികള്‍ വ്യാജമായി വര്‍ദ്ധിപ്പിച്ചതായി ആരോപിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിയ വിവാദം കെട്ടടങ്ങി നില്‍ക്കുമ്പോഴാണ് പുതിയ ബോംബ് അദാനി ഗ്രൂപ്പിനു മേല്‍ പതിച്ചിരിക്കുന്നത്. 

സൗരോര്‍ജ കരാറുകള്‍ നേടിയെടുക്കാന്‍ അദാനി,ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നും അമേരിക്കയിലെ സൗരോര്‍ജ്ജ നിക്ഷേപകരെ കബളിപ്പിച്ചെന്നുമാണ് ആരോപണം. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് വേണ്ടി ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

16,000 കോടി രൂപയുടെ സൗരോര്‍ജ പദ്ധതികള്‍ക്കായി 2020-നും 2024-നും ഇടയില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ക്ക് അദാനി 2,200 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് പരാതി. 2021 ജൂലൈ മുതല്‍ 2022 ഫെബ്രുവരി വരെ ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കുള്ള സോളാര്‍ പദ്ധതിയുടെ വിതരണ കരാറുകള്‍ അദാനി നേടിയിട്ടുണ്ട്.ഏകദേശം 16,000 കോടി രൂപ ലാഭം ലഭിക്കുമായിരുന്ന ഈ കരാറുകള്‍ക്കായി ഉദ്യോഗസ്ഥര്‍ക്കു നല്‍കാനുള്ള കൈക്കൂലി മറച്ചുവെച്ച്,യുഎസ് നിക്ഷേപകരില്‍ നിന്നും കടം കൊടുക്കുന്നവരില്‍ നിന്നും അദാനി 300 മില്യണ്‍ ഡോളറിലധികം വായ്പകളും സെക്യൂരിറ്റികളും നേടിയിട്ടുണ്ട്. 

സൗരോര്‍ജ പദ്ധതി വിതരണ കരാര്‍ ലഭിക്കാന്‍ ആന്ധ്രാപ്രദേശ് അധികൃതര്‍ക്ക് വന്‍ തുക കൈമാറ്റം ചെയ്തെന്ന ഞെട്ടിപ്പിക്കുന്ന വിവരം അമേരിക്കയുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആഭ്യന്തരമായി നിര്‍മ്മിക്കുന്ന സൗരോര്‍ജ നിലയങ്ങള്‍ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന 8,000 മെഗാവാട്ട് വൈദ്യുതി 2021 ഓടെ വിതരണം ചെയ്യാനാണ് അദാനി ഗ്രൂപ്പ് ശ്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. 

എന്നാല്‍, ആ വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ച വിലയ്ക്ക് സ്ഥിരതയില്ലെന്നാണ് പറയുന്നത്.ഈ സാഹചര്യത്തിലാണ് 2021ല്‍ അദാനി ആന്ധ്രായിലെ  ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് സംസാരിച്ചത്. അതായത് 2021 ഓഗസ്റ്റ് 7, സെപ്റ്റംബര്‍ 12, നവംബര്‍ 20 തീയതികളിലാണ് അദാനി  ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.ഇതിനു പിന്നാലെ ആന്ധ്രാ സര്‍ക്കാര്‍ 7000 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ സമ്മതിച്ചു.ഇതിനായി ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക കൈമാറുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.കൈക്കൂലി മറച്ചുവയ്ക്കുന്നതിന് ചില കോഡുകള്‍ ഉപയോഗിച്ചതായും യുഎസിലെ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.

സംഭവത്തിനു പിന്നാലെ മറ്റൊരു തിരിച്ചടിയും അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നു.കെനിയയിലെ പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.കെനിയന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് , കെനിയന്‍ വൈദ്യുതി പ്രസരണ കമ്പനി എന്നിവയുമായി അദാനി ഗ്രൂപ്പ് ഏര്‍പ്പെട്ട ഉടമ്പടികള്‍ എല്ലാം റദ്ദാക്കിയതായാണ് കെനിയന്‍ പ്രസ്ഡന്റ് അറിയിച്ചത്.

അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടു തന്നെ അറിയാം.

gautam adani Adani Group Adani Enterprises adani case adanis adani ports