മുംബൈ: കുടുംബത്തോടൊപ്പം ദുഃഖം പങ്കിടാൻ തടവുപുള്ളികൾക്ക് പരോൾ അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് സന്തോഷം പങ്കിടാനും അനുവദിച്ചുകൂടാ?- ചോദ്യം ബോംബെ ഹൈക്കോടതിയുടേത്. പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന മകനെ യാത്രയയക്കാൻ വിവേക് ശ്രീവാസ്തവ് എന്ന തടവുപുള്ളിക്ക് പരോൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ പരാമർശം.
2012ലെ കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ശ്രീവാസ്തവ്. വിദേശത്ത് പോകുന്ന മകന്റെ പഠനച്ചെലവിന് ക്രമീകരണം നടത്താനും യാത്രയാക്കാനും പരോൾ അനുവദിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ ദുഃഖം പോലെയുള്ള വികാരമാണ് സന്തോഷമെന്നും കുടുംബത്തോടൊപ്പം ദുഃഖം പങ്കിടാൻ അവസരം നൽകുന്നെങ്കിൽ സന്തോഷത്തിനും അതുവേണമെന്ന് കോടതി വ്യക്തമാക്കി.
തടവുശിക്ഷ അനുഭവിക്കുന്നവൻ ആരുടെയെങ്കിലും മകനോ ഭർത്താവോ പിതാവോ സഹോദരനോ ആകാമെന്നും പുറംലോകവുമായി ബന്ധപ്പെടാനും കുടുംബകാര്യങ്ങൾ നിർവഹിക്കാനും സോപാധികമായി ഹ്രസ്വകാലത്തേക്ക് അവർക്ക് പരോൾ അനുവദിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.