ചുമ്മാ ഭീഷണി വേണ്ട; ഇന്ത്യ കടുപ്പിച്ചു ; കമ്പിയെണ്ണും

ഒരാഴ്ചക്കിടെ നൂറിലധികം വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നതോടെ രാജ്യത്തെ വ്യോമയാന ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ്. തുടര്‍ച്ചയായി ഇ മെയില്‍, എക്‌സ് അക്കൗണ്ടുകള്‍ വഴിയാണ് ഭീഷണികള്‍ വരുന്നത്.

author-image
Rajesh T L
New Update
b

ഡൽഹി : ഒരാഴ്ചക്കിടെ നൂറിലധികം വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നതോടെ രാജ്യത്തെ വ്യോമയാന ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ്. തുടര്‍ച്ചയായി ഇ മെയില്‍, എക്‌സ് അക്കൗണ്ടുകള്‍ വഴിയാണ് ഭീഷണികള്‍ വരുന്നത്. ദുരൂഹത തുടരുന്നതിനൊപ്പം പിന്നിലാരെന്ന അന്വേഷണവും തുടരുകയാണ്.

വ്യോമയാന മേഖലയുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്ന രീതിയിലാണ് തുടര്‍ച്ചയായി ബോബ് ഭീഷണികള്‍ ഉണ്ടാകുന്നത്. സന്ദേശം അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഭീഷണികള്‍ക്ക് കുറവില്ല. ചില വിദേശ വിമാന സര്‍വീസുകള്‍ക്കും ഭീഷണിയുണ്ടാകുന്നുണ്ട്. ഇന്‍ഡിഗോ, വിസ്താര, ആകാശ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് കൂടുതലും ഭീഷണി.

വിമാനങ്ങള്‍ക്ക് പുറമെ വിമാനത്താവളങ്ങള്‍ക്കും ഭീഷണികള്‍ ഉണ്ടാകുന്നുണ്ട്. ഇത്രയധികം  ഭീഷണികള്‍ എത്തുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിച്ചു  വരികയാണ്. ഞാറാഴ്ച 240-ലധികം യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിസ്താര വിമാനത്തിന് ഭിഷണി ഉണ്ടായതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ഇറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ വിമാനമിറക്കാന്‍ അനുമതി നിഷേധിക്കുകയും തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ച് പറക്കുകയും ചെയ്തു. വിപിഎന്‍ ഉപയോഗിച്ച് ലൊക്കേഷന്‍ മറയ്ക്കുന്നതിനാല്‍ അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ പ്രയാസമാണ്. ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലും ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷനും ചേര്‍ന്നാണ് കേസുകള്‍ അന്വേഷിക്കുന്നത്.

അതിനിടെയാണ് വിമാനത്തിലെ വ്യാജബോംബ് ഭീഷണികള്‍ ഗുരുതര കുറ്റകൃത്യമാക്കിയിരിക്കുന്നത്. രാജ്യത്തെ വ്യോമയാന മേഖലയെ തകര്‍ക്കാനുള്ള ഗൂഡ പദ്ധതിയാണ് ഇതെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. വ്യാജ ബോംബ് ഭീഷണി കാരണം വിമാനങ്ങള്‍ വൈകുന്നു. വിദേശത്തേയും മറ്റും പരിശോധനകള്‍ കാരണം കോടിക്കണക്കിന് രൂപ കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നു. ഇന്ത്യയ്ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന പരോക്ഷ യുദ്ധമായി ഇതിനെ കാണുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് കൊണ്ടു വരുന്നത്. ഭീഷണികളെക്കുറിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിവേഗ തീരുമാനം ഇക്കാര്യത്തിലുണ്ടാകും.

boom

വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരും. ബോംബ് ഭീഷണികളെ നേരിടാന്‍ നിയമഭേദഗതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡു വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഭീഷണിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി വരുന്നതിനാല്‍ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്തനിയമങ്ങള്‍ അനിവാര്യതയാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവിയെ കഴിഞ്ഞദിവസം കേന്ദ്രം മാറ്റിയിരുന്നു. ഡി.ജി.സി.എ. ഡയറക്ടര്‍ വിക്രം ദേവ് ദത്തിനെ കല്‍ക്കരിമന്ത്രാലയം സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്.

വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയയാളെ പിടികൂടിയാല്‍ അയാളെ വിമാനയാത്രയില്‍നിന്ന് ആജീവനാന്തം വിലക്കും. കുറ്റവാളികളെ അറസ്റ്റുചെയ്യാനും കോടതി ഉത്തരവില്ലാതെ അന്വേഷണം ആരംഭിക്കാനുമുള്ള അനുമതിയും ഉണ്ടാകും. ഇതിനായി വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുടെ സഹായം തേടി. വിദേശരാജ്യങ്ങളില്‍ സമാന ഭീഷണികള്‍ നേരിടാന്‍ സ്വീകരിച്ച മാതൃകകളും പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ നൂറോളം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങുന്നതെന്ന് കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.

നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി വ്യോമയാന സുരക്ഷാ ചട്ടങ്ങളിലും ഭേദഗതികളും 1982ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള സിവില്‍ ഏവിയേഷന്‍ സുരക്ഷ നിയമത്തിലും  ഭേദഗതികള്‍ വരുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. ഇത്തരം ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. പിഴയും തടവും ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കും. ബോംബ് ഭീഷണിയെ തുടര്‍ന്ന് ഞായറാഴ്ച മാത്രം ഇരുപതോളം വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വിമാനക്കമ്പനികളുമായി മീറ്റിങ്ങുകള്‍ നടത്തിയിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും റാം മോഹന്‍ നായിഡു പറഞ്ഞു.

air

വ്യാജ ഭീഷണികളെ തുടര്‍ന്ന് പരിശോധനയ്ക്കായി വിമാനങ്ങള്‍ തിരിച്ചിറക്കിയതിലൂടെ കോടികളുടെ നഷ്ടം നേരിട്ടു. കണക്ടഡ് ഫ്ളൈറ്റുകള്‍ കിട്ടാതെ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. 1980ലെ വ്യോമയാന സുരക്ഷാ നിയമത്തില്‍ വിമാനത്തില്‍ വച്ചുള്ള ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങള്‍ക്ക് പുറത്തുനിന്നുള്ള ഭീഷണിയും ഇനി ഗുരുതര കുറ്റമാവും. അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയായിരിക്കും ശിക്ഷ. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഭീഷണിക്കാര്‍ കൂടുതലും ഉപയോഗിക്കുന്നത്. ഇതു തടയാനും നടപടിയുണ്ടാകും.

സിക്ക് വിരുദ്ധ കലാപത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ആക്രമിക്കുമെന്ന് ഖാലിസ്ഥാന്‍ ഭീകരന്‍ പന്നൂന്‍ പറഞ്ഞിട്ടുണ്ട്. നവംബര്‍ 1-19 കാലയളവില്‍ എയര്‍ ഇന്ത്യയില്‍ കയറരുതെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷവും ഇതേ ഭീഷണി ഉയര്‍ത്തിയിരുന്നു. സിക്ക്സ് ഫോര്‍ ജസ്റ്റിസ് സ്ഥാപകനായ പന്നൂന്‍ ഇപ്പോള്‍ യു.എസിലാണ്. ഒരാഴ്ചയ്ക്കിടെ നൂറിലേറെ രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്. വ്യാജമെന്ന് ഉറപ്പുണ്ടെങ്കിലും ഭീഷണി ലഭിച്ചാല്‍, ചട്ടപ്രകാരം വിമാനങ്ങള്‍ തൊട്ടടുത്ത വിമാന താവളത്തിലിറിക്കി പരിശോധിക്കേണ്ടതുണ്ട്. യാത്രക്കാര്‍ പരിഭ്രാന്ത്രരായതിന് പുറമെ വിമാനകമ്പനികള്‍ക്ക് കോടികളുടെ നഷ്ടവുമുണ്ടായി. ഇതോടെയാണ് കര്‍ശന നടപടികള്‍ക്ക് തയാറെടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

bomb threat flight cancellation flight delay Bomb alert bomb threaten